മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം; ഗവര്‍ണര്‍ വിശീകരണം തേടും
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനത്തില്‍ ഗവര്‍ണര്‍ വിശീകരണം തേടും. എസ് മണികുമാറിനെതിരായ ആരോപണങ്ങളിലാണ് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടുക. ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് കത്ത് ഉടന്‍ നല്‍കും. നിയമനത്തില്‍ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടുന്നത്.
കേരള ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ ഓഗസ്റ്ര് ഏഴിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് നിയമനം സംബന്ധിച്ചുള്ള ഫയല്‍ രാജ്ഭവനില്‍ എത്തിയത്. എസ് മണികുമാര്‍ ചീഫ് ജസ്റ്റിസ് ആയിരിക്കെ നടത്തിയ വിധികളില്‍ പക്ഷപാതിത്വം കാണിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് ശുപാര്‍ശയെങ്കിലും പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പെഴുതി. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിരമിച്ച മണികുമാറിന് സര്‍ക്കാര്‍ ചെലവില്‍ അസാധാരണ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു.