മുതലപ്പൊഴിയിൽ വീണ്ടും അപകടം; 20 പേരടങ്ങുന്ന മത്സ്യബന്ധനബോട്ട് തലകീഴായി മറിഞ്ഞു
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. 20 പേരടങ്ങുന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ തുടർച്ചയായ ആവശ്യങ്ങൾ പരിഗണിച്ചുള്ള സർക്കാർ നിർദേശ പ്രകാരം ഇന്നലെ മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് ആരംഭിച്ചിരുന്നെങ്കിലും ക്രെയിന്റെ വടം പൊട്ടിപോകുന്ന സാഹചര്യമുണ്ടായതിനെത്തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവാകുന്നതില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ലത്തീന്‍ അതിരൂപത രംഗത്തെത്തിയിരുന്നു. പ്രഖ്യാപനങ്ങള്‍ കൃത്യ സമയത്ത് നടപ്പാക്കണമെന്ന് വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര പറഞ്ഞു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത വാക്കുകളില്‍ മാത്രം പോരെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞിരുന്നു.