Sunday, April 13, 2025
Kerala

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസറുടെ ബീഡിക്കച്ചവടം; അന്വേഷണം ആരംഭിച്ചു

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസറുടെ ബീഡിക്കച്ചവടം. സാക്ഷിമൊഴി സഹിതം റിപ്പോർട്ട് ലഭിച്ചതോടെ വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫിസറുടെ ഭാര്യയ്ക്ക് ബീഡിയുടെ പണം ഗൂഗിൾ പേ വഴി നൽകാറുണ്ടെന്നാണ് തടവുകാരന്റെ മൊഴി.

മാവേലിക്കര സബ്ജയിലിൽ ലഹരി വില്പന നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറി എത്തിയ ഉദ്യോഗസ്ഥനാണ് വിയ്യൂർ ജയിലിലും ബീഡിക്കച്ചവടം നടത്തുന്നത്. ജയിൽ സൂപ്രണ്ട് ജയിൽവകുപ്പ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുക്കളയ്ക്കു പിന്നിൽ പണിക്കിറക്കിയശേഷം തിരികെ സെല്ലിലെത്തിച്ച തടവുകാരന്റെ കയ്യിൽനിന്ന് 12 പാക്കറ്റ് ബീഡി പിടികൂടിയിരുന്നു. വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

90 പൈസ വിലയുള്ള ഒരു ബീഡിക്ക് 10 രൂപയോളമാണ് അസി.പ്രിസൺ ഓഫിസർ ഈടാക്കിയത്. 22 ബീഡി വീതമാണ് ഓരോ പാക്കറ്റിലുള്ളത്. ഇത്തരം 12 പാക്കറ്റുകൾ ഉൾപ്പെടുന്നതാണ് ഒരു കെട്ട്. ഒരു കെട്ടിന് 2500 രൂപയാണ് ഉദ്യോഗസ്ഥന്റെ നിരക്ക്. ജയിലിന് പിന്നിലെ റോഡിൽ നിന്ന് അടുക്കള ഭാഗത്തേക്ക് ബീഡിക്കെട്ട് എറിഞ്ഞ് നൽകുന്നതാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ രീതി. ജയിൽ കോന്‌പൌണ്ടിൽ ഈ ബീഡിക്കെട്ടുകൾ ശേഖരിക്കുന്ന തടവുകാർ അത് 3000 രൂപയ്ക്ക് മറച്ചു വിൽക്കും. കമ്മീഷൻ കഴിഞ്ഞുള്ള തുക പണമായും ഗൂഗിൾ പേ വഴിയും ആണ് ഉദ്യോഗസ്ഥന് നൽകിയിരുന്നത്. അസി. പ്രിസൺ ഓഫിസറുടെ ഭാര്യയ്ക്കു ഗൂഗിൾ പേ വഴി ബീഡിയുടെ പ്രതിഫലം നൽകിയിട്ടുണ്ടെന്ന് തടവുകാരൻ മൊഴി നൽകി. മൊബൈൽ ഫോണും ലഹരിവസ്തുക്കളും നിരന്തരമായി ജയിലിനുള്ളിലേക്കു പ്രവഹിക്കുന്നതിനു പിന്നിൽ ജീവനക്കാരിൽ ചിലർക്കു പങ്കുണ്ടെന്നു നേരത്തേതന്നെ വിവരമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കോടതി അനുമതിയോടെ തടവുകാരെ ചോദ്യം ചെയ്ത് മൊഴി ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തുടർന്നാകും കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.

Leave a Reply

Your email address will not be published. Required fields are marked *