എംവിഡി ഓഫീസുകളിൽ കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ; വൈരാഗ്യമല്ലെന്ന് കെ കൃഷ്ണൻകുട്ടി
എംവിഡി ഓഫീസുകളിൽ കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ, വൈരാഗ്യം തീർക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. മോട്ടോർ വാഹന വകുപ്പുമായി വൈദ്യുതി വകുപ്പിന് ഭിന്നതയില്ല. വിവിധ ജില്ലകളിലെ ബോധപൂർവമെന്ന ആക്ഷേപം പരിശോധിക്കും. വാടക ഇനത്തിൽ കിട്ടേണ്ട കോടികൾ പിടിച്ചെടുക്കുന്നതിന് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്ന് കാസർഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.
കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്. കൽപ്പറ്റയിൽ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.
ബിൽ തുക കുടിശികയായതിനെ തുടർന്നാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്. ജൂലൈ 1ന് രാവിലെ ജീവനക്കാർ എത്തിയാണ് ഫ്യൂസൂരിയത്. ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ നിലവിൽ കുടിശ്ശികയുണ്ട്. ബിൽ തുക കുടിശികയായതിനാലാണ് ഫ്യൂസൂരിയതെന്നും മറ്റു കാരണങ്ങളില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.