ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനൽകാതെ എക്സൈസ്, വ്യാജ ലഹരിക്കേസെന്ന് വ്യക്തമായിട്ടും നടപടിയില്ല
തൃശൂർ : ചാലക്കുടി വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനൽകാതെ എക്സൈസ്. ഇല്ലാത്ത കേസാണെന്ന് ബോധ്യപെട്ട് ഒന്നര മാസമായിട്ടും എക്സൈസ് ഇത് രണ്ടും തിരിച്ചു നൽകിയില്ല. ഫെബ്രുവരി 27 നാണ് 12 എൽഎസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കള്ളക്കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണി പടിയിലാവുന്നത്. 72 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യത്തിൽ പുറത്തിറങ്ങി. മെയ് 12 ന് എൽഎസ്ഡി അല്ലെന്ന പരിശോധനാ ഫലം വന്നെങ്കിലും നീതി ചെയ്യാൻ എക്സൈസ് തയ്യാ റായില്ല. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ട് ഒന്നരമാസം കഴിഞ്ഞിട്ടും ഷീലയുടെ ഫോണും സ്കൂട്ടറും തിരികെ നൽകിയിട്ടില്ല. കോടതിയിൽ റിപ്പോർട്ട് നൽകിയാൽ ഇതു മടക്കികിട്ടേണ്ടതാണ്. പക്ഷേ, എക്സൈസ് ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ല.
ഷീല അറസ്റ്റിലായതോടെ ബ്യൂട്ടിപാർലർ അടച്ചുപൂട്ടിയിരുന്നു. ഇതു തുറക്കാൻ മലപ്പുറ കൽപകഞ്ചേരി ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള തണൽ സംഘടന മുന്നോട്ടുവന്നിട്ടുണ്ട്. തണൽ വോളൻഡിയേഴ്സ് ചാലക്കുടിയിലെ വീട്ടിൽ എത്തി സഹായ വാഗ്ദാനം നൽകി. പാർലർ അടച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലായിരുന്നു ഷീല.
അതേ സമയം, ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടറാണ് ഇയാൾ. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് കുറ്റം. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.