അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി; ദൗത്യം നിർവ്വഹിച്ചത് സഹാനുഭൂതിയോടെ
അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്തവരെ ഹൈക്കോടതി അഭിനന്ദിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ദൗത്യസംഘത്തിന് വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അറിയിക്കുകയാണെന്നും കത്തിൽ പറയുന്നു.
അതിനിടെ, ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് കാണാതായ അരിക്കൊമ്പന്റെ സിഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന. VHF ആന്റിന ഉപയോഗിച്ച് അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ ഏറെ നേരമായി ശ്രമം തുടരുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ ആളുകളും തെരച്ചിൽ നടത്തിയിരുന്നു.
അതേസമയം, അരികൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി എത്തിയിരിക്കുകയാണ് ചക്കക്കൊമ്പൻ . സിമന്റ് പാലത്തെ റോഡരികിൽ കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു. പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പൻ. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരികെമ്പനായിരുന്നു.
തലവൻ പോയതോടെ നേതൃസ്ഥാനം ചക്കക്കൊമ്പൻ സ്വമേധയാ ഏറ്റെടുത്തിരിക്കുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമൻറു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും ഇന്നലെ ചില ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യത്തിൽ റോഡരികിൽ നിന്ന് 100 മീറ്റർ പോലും അകലെയല്ല ചക്കകൊമ്പനും സംഘവും നിലയുറപ്പിച്ചതെന്ന് മനസിലാകും. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും കൊമ്പനൊപ്പം ഉണ്ട്. എല്ലാവരും ചേർന്ന് ഇളം പുല്ല് പറിച്ച് തിന്ന് മേയുന്നു. ഇടക്ക് ശബ്ദം കേൾക്കുമ്പോൾ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിർവർക്ക് സംരക്ഷണം ഒരുക്കും.
നിമിഷനേരം കൊണ്ട് പാഞ്ഞടുക്കുന്ന കൊമ്പനെ ഭയന്നാണ് വേണം നാട്ടുകാരുടെ യാത്ര. കഴിഞ്ഞ നാലു ദിവസമായി ഈ കാട്ടാനക്കൂട്ടം ഇവിടെത്തന്നെയുണ്ട്. ദൗത്യത്തിനു രണ്ടു ദിവസം മുമ്പാണ് മദപ്പാടിലായ ചക്കക്കൊമ്പൻ ഈ കൂട്ടത്തിനൊപ്പമെത്തിയത്. അരിക്കൊമ്പനെ മയക്കു വെടിവച്ച ദിവസവും ഇവനിവിടുണ്ടായിരുന്നു. ഇതേ കൂട്ടം കഴിഞ്ഞദിവസം ഒരു ഷെഡ്ഡ് തകർക്കുകയും ചെയ്തതാണ്.