Wednesday, January 8, 2025
Kerala

മുന്നറിയിപ്പുമായി വിദഗ്ധര്‍; സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടൽ വേണം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

തുടര്‍ച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്. 28. 37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി. എറണാകുളത്ത് മാത്രം 54053 പേര്‍ രോഗികളായുണ്ട്. കോഴിക്കോട് 48019 രോഗികള്‍. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍3 5000ല്‍ അധികം രോഗികള്‍. ആശുപത്രികളിൽ മാത്രം 26169 പേര്‍ ചികില്‍സയിലുണ്ട്. ഐസിയുകളില്‍ 1907 രോഗികള്‍, വെന്‍റിലേറ്ററുകളില്‍ 672 പേര്‍. ഓക്സിജൻ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലുമൊക്കെ ഇരട്ടിയിലേറെയാണ്. ഓക്സിജൻ കിടക്കകൾ വേണമെങ്കില്‍ മണിക്കൂറുകളോ ഒരു ദിവസമോ ഒക്കെ കാത്തിരിക്കേണ്ട അവസ്ഥ. സ്ഥിതി അതീ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നേരിട്ടറിയിച്ചിട്ടണ്ട്.

നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഇപ്പോൾ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പുമുണ്ട്. രണ്ടാം ഡോസ് വാക്സിന് മുൻഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം. ഒരു ഡോസില്‍ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ഒരു ഡോസ് വാക്സീനെങ്കിലും പരമാവധിപേര്‍ എത്രയും വേഗം എടുക്കണമെന്നാണ് നിര്‍ദേശം. ഉല്‍പാദകരില്‍ നിന്ന് വാക്സീൻ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എന്ന് തുടങ്ങുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *