ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രഗത്ഭമതിയായ ന്യായാധിപനും സാമൂഹ്യ പ്രശ്‌നങ്ങളിൽ ചടുലമായി പ്രതികരിക്കാൻ സന്നദ്ധത കാണിച്ച വ്യക്തിയുമായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷകൻ എന്ന നിലയിലും ന്യായാധിപൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉയർന്നുവരുന്ന യുവ അഭിഭാഷക തലമുറയ്ക്ക് മാർഗ്ഗദർശിയെയാണ് നഷ്ടപ്പെട്ടത്. തോട്ടത്തിൽ രാധാകൃഷ്ണന്റെ അകാലവിയോഗം ജുഡീഷ്യറിക്കും സാമൂഹ്യ ജീവിതത്തിനാകെയും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് പുലർച്ചെ മൂന്നേകാലോടെയാണ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചത്. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കൊൽക്കത്ത ഉൾപ്പെടെ 4 ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടതിയിൽ ജഡ്ജിയായത് 2004 ലാണ്.