അരൂരില്‍ വെബ് കാസ്റ്റിംഗ് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
അരൂര്‍ നിയോജക മണ്ഡലത്തില്‍ വെബ് കാസ്റ്റിംഗ് സാധ്യമാണോയെന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. 39 ബൂത്തുകളിലും വെബ് കാസ്റ്റിംഗ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സ്വന്തം ചെലവില്‍ വെബ് കാസ്റ്റിംഗ് നടത്താമെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞിരുന്നത്. ഇത് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. കോടതിയും ഷാനിമോളുടെ നിര്‍ദേശത്തോട് യോജിച്ചില്ല. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് വെബ് കാസ്റ്റിംഗ് പരിഗണിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്
ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികളും കോടതി തീര്‍പ്പാക്കി. ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല എന്നിവിടങ്ങലില്‍ തമിഴ്‌നാട്ടില്‍ നിന്ന് വോട്ടര്‍മാരെത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാനാവശ്യമായ നടപടികളുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.