Tuesday, January 7, 2025
Kerala

രശ്മിയുടെ മരണം വേദനാജനകം; വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്തെ നഴസ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ ഹോളിഡേ കാര്യക്ഷമമായിരുന്നു. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ജനങ്ങളുടെ ആരോഗ്യത്തെും ജീവനെയും ഗുരുതരമായി ബാധിക്കുന്നതാണ് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ളത്. ഇതിന്‍രെ അടിസ്ഥാനത്തില്‍ തന്നെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍. മോശമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുവന്ന ഹോട്ടലുകള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക ഡ്രൈവ് തന്നെ ആരോഗ്യ വകുപ്പ് ഏഴ് ദിവസം നടത്തിയിരുന്നു.

അയ്യാരിത്തിലധികം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ഹോട്ടലുകള്‍ 7 ദിവസം കൊണ്ട് പൂട്ടി. 526 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസും നല്‍കി. അതിലെല്ലാം നടപടികള്‍ സ്വീകരിച്ചുവരികയാണ്. വളരെ പ്രാധാന്യത്തോടെ സര്‍ക്കാര്‍ നോക്കിക്കാണുന്ന വിഭാഗമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം ലൈസന്‍സ് എടുക്കാന്‍ സമയപരിധിയും നല്‍കുന്നുണ്ട്.

വളരെ വേദനാജനകമായ സംഭവമാണ് രശ്മിയുടെത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ് അവര്‍. സംക്രാന്തി ഹോട്ടലിന്റെ കാര്യത്തില്‍ പരിശോധന നടത്തി. സ്ഥാപനം പൂട്ടുന്നതുമാത്രമല്ല, ഭക്ഷ്യസുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളും നിയമപരമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഓരോ നിയോജക മണ്ഡലഭങ്ങള്‍ കേന്ദ്രീകരിച്ച് 140 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരാണ് ഭക്ഷ്യസുരക്ഷയ്ക്കുള്ളത്. സ്ഥാപനങ്ങളുടെ ലൈസന്‍സ് നടപടിക്രമങ്ങളും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *