സൈജുവിനെതിരെ ഒൻപത് കേസുകൾ കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ്
മോഡലുകളുടെ കാറപകടവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ ഉള്ള സൈജുവിനെതിരെ പുതിയ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് . ലഹരി മരുന്ന് ഉപയോഗിച്ചു സൈജു പങ്കെടുത്ത നിശാ പാർട്ടികളുടെ വിവരവും പൊലീസിന് ലഭിച്ചു . കസ്റ്റഡി കാലാവധി അവസാനിക്കുന്ന സൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മോഡലുകളുടെ കാറപകടവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വിശദമായി ചോദ്യം ചെയ്യലിനിടെയാണ് സൈജു തങ്കച്ചന്‍റെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ലഹരി ഉപയോഗവും ശേഷമുളള പാർട്ടികളും സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് . ഒൻപത് കേസുകളാണ് സൈജുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നത് .
തൃക്കാക്കര, ഇൻഫോ പാർക്ക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്‍റെ ഫോണിൽ നിന്നു ലഭിച്ച ദൃശ്യങ്ങൾ പൊലീസ് തെളിവാക്കും . സൈജു ലഹരി മരുന്നിന് അടിമയാണെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ലഹരി മരുന്ന് നൽകി പെൺകുട്ടികളെ സൈജു ദുരുപയോഗം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ഇത് സംബന്ധിച്ച് പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് .