Sunday, January 5, 2025
Kerala

മരംമുറി കേസ് അന്വേഷണത്തിൽ ഭിന്നത; സർക്കാർ കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുന്നു

 

വയനാട്: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ വനം വകുപ്പിൽ ഭിന്നത. ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ, കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുക ആണെന്നാണ് പരാതി.

അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌ത ലക്കിടി ചെക്ക് പോസ്‌റ്റിലെ ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തുകൊണ്ടുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവ് വനം മന്ത്രി മരവിപ്പിച്ചതാണ് ഭിന്നതയ്‌ക്ക്‌ കാരണം. മുട്ടിൽ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്കിടി ചെക്ക് പോസ്‌റ്റിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരുടെ സസ്‍പെൻഷൻ പിൻവലിച്ചത്‌.

ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡികെ വിനോദ് കുമാർ ഇറക്കിയ ഉത്തരവ് വനം വകുപ്പ് മന്ത്രി മരവിപ്പിച്ചതാണ് ഉദ്യോഗസ്‌ഥരെ ചൊടിപ്പിച്ചത്. വനം വകുപ്പ് അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാതെ ഒളിച്ച് കളിക്കുന്ന സർക്കാരിന്റെ നടപടി ഇരട്ടതാപ്പാണിതെന്നാണ് ആരോപണം.

ഇതിനിടെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കുറ്റപ്പെടുത്തി. അതേസമയം, ക്രൈം ബ്രാഞ്ച് കേസിൽ ജാമ്യം ലഭിച്ച അഗസ്‌റ്റിൻ സഹോദരങ്ങൾ വനം വകുപ്പ് കേസിൽ കൂടി അടുത്ത ദിവസം ബത്തേരി കോടതിയിൽ ജാമ്യാപേക്ഷ നൽകും.

Leave a Reply

Your email address will not be published. Required fields are marked *