ധീരജ് വധക്കേസ്; നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്
ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്. തൊടുപുഴ കോടതിയാണ് നിഖിൽ പൈലിക്കായുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാത്തതിനാലാണ് നടപടി. നിഖിൽ പൈലിയെ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിടാൻ പൊലീസിന് നിർദേശം നൽകി. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായി കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി.
അതേസമയം അറസ്റ്റ് വാറണ്ട് നില നിൽക്കെയാണ് നിഖിൽ പൈലി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയത്. കൊലക്കേസ് പ്രതി ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിനെത്തിയത് പുതുപ്പള്ളിയിൽ എത്തിയതും വിവാദമായിരുന്നു.
ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ ഇന്നലെ പറഞ്ഞിരുന്നു. നിഖിൽ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാർത്ഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തിയിരുന്നു.