‘ഷംസീറിന്‍റെ നിലപാട് ധാർഷ്ട്യം’, സ്വന്തം സമുദായത്തിന്‍റെ കാര്യത്തിൽ ഈ സമീപനം സ്വീകരിക്കുമോ?; വി.മുരളീധരൻ
സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഷംസീറിന്‍റെ നിലപാട് ധാർഷ്ട്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം സമുദായത്തിന്‍റെ കാര്യത്തിൽ ഷംസീര്‍ ഇതേ സമീപനം സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാത്ത നിലപാട് ധാർഷ്ട്യവും വെല്ലുവിളിയുമാണ്. ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്‍റെ നിലപാടിന് വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും വി മുരളീധരൻ വിമര്‍ശിച്ചു.
ഹിന്ദു സമൂഹം ആരാധിക്കുന്ന മൂർത്തിയെ മിത്തായി കാണുന്ന സിപിഐഎം വിനായകാഷ്ഠകം രചിച്ച ശ്രീ നാരായണ ഗുരു അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്ന് പറയുമോ എന്നും വി മുരളീധരൻ ചോദിച്ചു. ശാസ്ത്ര ബോധം എല്ലാ മതത്തിന്‍റെ കാര്യത്തിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയാണെന്ന് എൻഎസ്എസും ആരോപിച്ചു. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാരിന്റെ നിലപാടും ഇതേ രീതിയിൽ ആണെങ്കിൽ പ്രശ്നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് എൻഎസ്എസ് വ്യക്തമാക്കി.
അതേസമയം മിത്ത് വിവാദം, നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സ്പീക്കർ എ എൻ ഷംസീർ. താൻ വിശ്വാസികൾക്ക് എതിരല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. ഷംസീറിന് അഭിപ്രായം ഉള്ളത് പോലെ സുകുമാരൻ നായർക്കും അഭിപ്രായമുണ്ട്. പരാമർശം സയന്റിഫിക്ക് ടെംബറിനെ കുറിച്ചാണ് നടത്തിയത്. മത വിശ്വാസികൾ തനിക്കൊപ്പമാണ്. മതേതര നിലപാടുകൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. കെട്ടി ഇറക്കപ്പെട്ട ആളല്ല താൻ.ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്നും ഷംസീർ വ്യക്തമാക്കി.
ഒരു ഭാഗത്ത് മത വിശ്വാസം ഭരണഘടന പറയുന്നുണ്ട്.അതുപോലെ ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണം എന്നും ഭരണഘടന പറയുന്നുണ്ട്. അത് പറയുന്നത് എങ്ങനെ മത വിശ്വാസത്തെ വൃണപ്പെടുത്തൽ ആകും. പാർട്ടി സെക്രട്ടറി കാര്യങ്ങൾ കൃത്യമായി പറഞ്ഞു.ഒരു വിശ്വാസത്തെയും ഹനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ മുതലെടുപ്പ് ആയിരിക്കാം ലക്ഷ്യം.വിശ്വാസികൾ അതിൽ വീണു പോകരുത്. ഭരണഘടനയിൽ ഉള്ള കാര്യമാണ് താൻ പറഞ്ഞത്.എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തനിക്ക് പ്രസംഗിക്കാനും അവകാശമുണ്ട്.ആ അഭിപ്രായം മാറ്റണമെന്ന് തനിക്ക് എങ്ങനെ പറയാൻ സാധിക്കും.വിവാദം നിർഭാഗ്യകരമാണ് . അനാവശ്യ പ്രചരണത്തിൽ നിന്ന് എൻഎസ്എസ് പിന്മാറണം.എൻഎസ്എസ് വലിയൊരു സമുദായ സംഘടനയാണ്. അതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും സ്പീക്കർ വ്യക്തമാക്കി