വിരലടയാളത്തിൽ സാമ്യം; കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗറാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി എത്താറുള്ള ഇയാളാണ് ബോഗിക്ക് തീവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തീവെപ്പിന് തൊട്ടുമുൻപ് ട്രാക്കിന് പരിസരത്തു ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎൽ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ്. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ രാത്രിയും പൊലീസ് പരിശോധിച്ചിരുന്നു.
അതേസമയം എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു.
എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്നലെ പുലർച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുക ഉയർന്ന ഉടനെ ബോഗി വേർപെടുത്തിയിരുന്നു. സംഭവത്തിന് മുൻപ് അജ്ഞാതൻ കാനുമായി ബോഗിക്ക് അടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.