എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനു പത്ത് കോടി ചോദിച്ചു; കെ സുരേന്ദ്രൻ പത്ത് ലക്ഷം നൽകി
എൻ ഡി എ സ്ഥാനാർഥിയാകാൻ സി കെ ജാനു ബിജെപിയോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. ജെ ആർ പി ട്രഷറർ പ്രസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പത്ത് കോടി രൂപയും അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി കെ ജാനു ആവശ്യപ്പെട്ടത്.
കോട്ടയത്ത് വെച്ചു നടന്ന ചർച്ചയിൽ കെ സുരേന്ദ്രൻ ഇക്കാര്യം അംഗീകരിച്ചില്ല. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. പത്ത് ലക്ഷം തരാമെന്ന് കെ സുരേന്ദ്രൻ പറയുന്നുമുണ്ട്.
തിരുവനന്തപുരത്ത് വെച്ചാണ് കെ സുരേന്ദ്രൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നുവിത്. കുഴൽപ്പണ വിവാദത്തിൽ കുടുങ്ങി നിൽക്കുന്ന ബിജെപിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് ജാനുവിന്റെ പത്ത് ലക്ഷം രൂപ വിവാദവും.