കേരളാ സ്റ്റോറിയെ എതിർക്കും, വിലക്കണമെന്ന ആവശ്യമില്ല, കള്ളപ്പണം വെളുപ്പിക്കൽ ഷാജിയുടെ ശീലം: എംവി ഗോവിന്ദൻ
കണ്ണൂർ: മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിർക്കുന്ന നിലപാട് പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കക്കുകളി നാടകത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കണം. നാടകം താനും കണ്ടതാണ്. ഓരോരുത്തരും അവരുടെ വീക്ഷണത്തിനനുസരിച്ചാണ് നാടകം കാണുന്നത്. കേരള സ്റ്റോറിയിലൂടെ കേരളത്തിൽ വിഷം കലക്കാനാണ് ആർ എസ് എസ് ശ്രമം. സിനിമ നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നില്ല. അക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്തായാലും സിപിഎം സിനിമയെ എതിർക്കും. കേരളത്തിന്റെ തെളിമയിൽ വിഷം കലക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കെഎം ഷാജിയുടെ ശീലമാണെന്ന് അദ്ദേഹം ഊരാളുങ്കലുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചു. ഊരാളുങ്കലിന് ആ പണിയില്ല. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സോസെറ്റിയാണ് ഊരാളുങ്കൽ. ഊരാളുങ്കലിനെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. അദാനിയോട് പോലും മത്സരിക്കാൻ ശേഷിയുള്ള സൊസൈറ്റിയാണ് ഊരാളുങ്കലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം മാലിന്യ നിർമാർജ്ജന ക്യാമ്പയിൻ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.