Saturday, October 19, 2024
Kerala

തിരുവനന്തപുരം ഡിസിസി ഓഫീസില്‍ കയ്യാങ്കളി; ശശി തരൂര്‍ എംപിയുടെ ഓഫീസ് സ്റ്റാഫ് കയ്യേറ്റം ചെയ്‌തെന്ന് പരാതി

തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനിടെയാണ് കയ്യാങ്കളി. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.

ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന് നേരെ കയ്യേറ്റശ്രമമുണ്ടായെന്നാണ് പരാതി. ശശി തരൂര്‍ എംപിയുടെ ഓഫീസ് സ്റ്റാഫ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് തമ്പാനൂര്‍ സതീഷ് ആരോപിച്ചു.

തിരുവനന്തപുരത്ത് ഡിസിസിയിലെ വിഭാഗീയതയുടെ ഏറ്റവും പുതിയ തെളിവാണ് ഇന്നത്തെ കയ്യാങ്കളി. രാവിലെ പതിനൊന്ന് മണിയോടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവലോകനവുമായി ബന്ധപ്പെട്ട യോഗം തിരുവനന്തപുരം ഡിസിസിയില്‍ വിളിച്ചത്. ഓരോ നിയോജക മണ്ഡലങ്ങളെയും പ്രത്യേകം പ്രത്യേകം ആയിരുന്നു യോഗത്തിന് വിളിച്ചുകൊണ്ടിരുന്നത്.

തിരുവനന്തപുരം നിയോജക മണ്ഡലത്തിന്റെ യോഗവുമായി ബന്ധപ്പെട്ടാണ് സ്ഥലം എംപി എന്ന നിലയില്‍ കൂടി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരെത്തിയത്. പ്രവര്‍ത്തകര്‍ക്ക് മാത്രമായിരുന്നു ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി. എന്നാല്‍ ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ അംഗങ്ങളും സ്ഥലത്തെത്തി. അവര്‍ പാര്‍ട്ടി അംഗങ്ങളല്ല. ഇത് ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയുണ്ടായത്. നിയോജക മണ്ഡലത്തിന്റെ ചുമതല കൂടി ഉണ്ടായിരുന്ന പത്തനംതിട്ട ഡിസിസി പ്രസിഡന്റ് മോഹന്‍ രാജിനോട് തമ്പാനൂര്‍ സതീഷ് അടക്കമുള്ളവര്‍ ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയത്തായിരുന്നു കയ്യാങ്കളി. നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്കെത്തുകയായിരുന്നു.

Leave a Reply

Your email address will not be published.