മീൻ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
തൃശൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്. ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം തൃശൂർ അശ്വിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ചും അല്പസമയം മുമ്പ് അപടകമുണ്ടായിരുന്നു. ഗ്യാസ് വണ്ടിയിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ച 3 യുവതികൾക്കും ഡ്രൈവറിനുമാണ് പരുക്കേറ്റത്. കാറിൽ യാത്രചെയ്തിരുന്ന മൂന്ന് യുവതികളെ പരിക്കുകളോടെ പ്രവിത്താനം എംകെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. അകത്ത് കുടുങ്ങിപ്പോയ കാർ ഡ്രൈവറെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തെടുത്തത്. യുവതികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരിലൊരാൾ ഗർഭിണിയാണെന്ന വാർത്തകളും പുറത്തു വന്നിരുന്നു.
സംസ്ഥാനത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുകയാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ദേശീയപാതയിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തല കിഴവൂർ വിശാഖ് ഭവനിൽ ശിവൻപിള്ളയുടെയും ബിജിയുടെയും മകൻ വൈശാഖ് (21) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പഴയാറ്റിൻകുഴി സ്വദേശി മുഹമ്മദ് ഷായെ മേവറത്തെ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെ തട്ടാമല ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. കൊട്ടിയത്ത് കണ്ണനല്ലൂർ റോഡിലുള്ള പെട്രാൾ പമ്പിലെ ജീവനക്കാരനായ വൈശാഖ്, സുഹൃത്തിനെ വീട്ടിൽക്കൊണ്ടാക്കാൻ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.