‘സര്‍ക്കാരിന് സ്വജനപക്ഷപാതത്തിലാണ് ശ്രദ്ധ, വിഴിഞ്ഞത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നില്ല’; ആഞ്ഞടിച്ച് ഗവര്‍ണര്‍
വിഴിഞ്ഞം സംഘര്‍ഷത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന് മറ്റ് പല കാര്യങ്ങളിലുമാണ് ശ്രദ്ധയെന്നും പ്രശ്‌നം പരിഹരിക്കണമെന്ന് സര്‍ക്കാരിനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഴിഞ്ഞത്തെ കാര്യങ്ങള്‍ പഠിച്ച ശേഷം റിപ്പോര്‍ട്ട് തേടും. ക്രമസമാധാനം പരിപാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.
സര്‍ക്കാരിന് സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതം നടത്താനാണ് കൂടുതല്‍ താത്പ്പര്യമെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും ഗവര്‍ണര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. മൂന്ന് പ്രാവശ്യം വി സിക്കെതിരെ കോടതിയില്‍ നിന്ന് വിധിയുണ്ടായെന്നും കണ്ണൂര്‍ സര്‍വകലാശാല വി സി സ്ഥിരം കുറ്റവാളിയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ വ്യക്തിപരമല്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം അനുവദിക്കില്ലെന്നതാണ് തന്റെ നിലപാട്. ചാന്‍സലറാണ് സര്‍വകലാശാലകളുടെ തലവന്‍. യുജിസി മാനദണ്ഡങ്ങള്‍ അനുസരിക്കണം. സര്‍ക്കാര്‍ ബില്ലുകള്‍ കൊണ്ടുവരുന്നത് കേഡര്‍മാരെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. ഇതെല്ലാം തങ്ങള്‍ പോരാടുന്നുവെന്ന് തോന്നിപ്പിക്കാനുള്ള ശ്രമമാണെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ കേസ് ഒഴിവാക്കണമെന്ന കത്തിലും അദ്ദേഹം പ്രതികരിച്ചു. തനിക്ക് മുന്നില്‍ പല അപേക്ഷകളും എത്താറുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് കൈമാറുന്നതില്‍ എന്താണ് തെറ്റെന്നുമായിരുന്നു വിഷയത്തില്‍ ഗവര്‍ണറുടെ മറുപടി.