അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം; ഗ്രീഷ്മക്കെതിരെ കേസെടുത്തു
പാറശാല ഷാരോൺ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്കെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസ് ആണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ അപകടനില തരണം ചെയ്യുകയായിരുന്നു. ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റിയേക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും.
അതേസമയം ഷാരോൺ രാജ് കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ പ്രതി ചേർത്തത്. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും. ഇവർക്കും തെളിവ് നശിപ്പിച്ചതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഗ്രീഷ്മയുടെ അമ്മയെ പൊലീസ് എസ്.പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. അമ്മയെയും അമ്മാവനെയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുത്തേക്കും.
അതേസമയം സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും. ഇത് ഇന്നു തന്നെ ഫോറൻസിക് പരിശോധനക്ക് അയക്കും. ഷാരോണിന്‍റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയക്കും.