ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപം; ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങള്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരന്‍. ശിവശങ്കറിന് നാഗര്‍കോവിലില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇഡിയ്ക്ക് ലഭിച്ചത് പുതിയ കേസിലേയ്ക്കുള്ള രഹസ്യങ്ങളാണെന്നാണ് സൂചനകള്‍
സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേര്‍ന്ന് ശിവശങ്കര്‍ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടം സ്വന്തമാക്കി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കോടികളുടെ നിക്ഷേപമാണ് ശിവശങ്കര്‍ നാര്‍ഗകോവിലില്‍ നടത്തിയിരിക്കുന്നതത്രേ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലില്‍ നിന്നാണ് പുതിയ രഹസ്യം അന്വേഷണ സംഘത്തിന് (ഇ.ഡി) ലഭിച്ചത്.
സ്വപ്നയുടെ രഹസ്യ ലോക്കര്‍ വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍, കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്‍ക്കാന്‍ വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിക്കുന്ന വാട്‌സാപ് ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. കെഎസ്ഇബി ചെയര്‍മാനായിരുന്ന കാലത്താണ് കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നാഗര്‍കോവിലിലെ കമ്പനികളുമായി ശിവശങ്കര്‍ അടുത്ത ബന്ധം സ്ഥാപിച്ചത്. വര്‍ഷം മുഴുവനും നല്ല കാറ്റു ലഭിക്കുന്ന നാഗര്‍കോവില്‍ പ്രദേശത്ത് കാറ്റാടി കമ്പനികള്‍ക്ക് ഏഴ് വര്‍ഷം കൊണ്ടു മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ കഴിയും. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഇതിന് 10 വര്‍ഷം വരെ വേണ്ടിവന്നേക്കും.