Thursday, January 23, 2025
Kerala

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍; താരപ്രചാരകരെ കളത്തിലറക്കി മുന്നണികള്‍

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം. താരപ്രചാരകരെ മുഴുവന്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇടവേളയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ ഇന്ന് മുതല്‍ വാഹന പര്യടനം പുനരാരംഭിക്കും.

അവസാന ലാപ്പില്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ രംഗത്തിറക്കിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്. യുഡിഎഫിലെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമടക്കം ഉറപ്പാക്കി എന്‍ഡിഎയും രംഗത്തുണ്ട്. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ ദേശീയ രാഷ്ട്രീയം വരെ സജീവ ചര്‍ച്ചയാകുന്ന പുതുപ്പള്ളിയിലെ പോരാട്ട ച്ചൂടിന് ഹൈവോള്‍ട്ടേജാണ്.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് 4ന് മറ്റക്കര മണല്‍ ജംഗ്ഷനിലും 5ന് പാമ്പാടിയിലും 6ന് വാകത്താനത്തും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രമേശ് ചെന്നിത്തല എന്നിവടരടക്കമുള്ള നേതാക്കള്‍ യുഡിഎഫിനായി കളത്തില്‍ സജീവമാണ്. ശശി തരൂരും എ കെ ആന്റണിയും അവസാന ഘട്ടത്തില്‍ പ്രചാരണത്തിനെത്തും. ദേശീയ നേതാക്കളെ രംഗത്തിറക്കി ബിജെപിയും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഓണം പ്രമാണിച്ച് നിര്‍ത്തിവച്ച വാഹന പര്യടനമാണ് ഇന്ന് പുനരാരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *