കുഞ്ഞുമായി യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവും കുടുംബവും കീഴടങ്ങി
വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കീഴടങ്ങിയത്. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഈ മാസം 13നാണ് ദര്‍ശന അഞ്ചുവയസുള്ള മകള്‍ ദക്ഷയുമായി വെണ്ണിയോട് പുഴയില്‍ ചാടിയത്. ഇതിനു പിന്നാലെ ദര്‍ശനയുടെ ഭര്‍ത്താവും കുടുംബവും ഒളിവില്‍ പോയിരുന്നു. ദര്‍ശന മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് ആറു മാസത്തിന് ശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് മകള്‍ കൊടിയപീഡനം ഏല്‍ക്കേണ്ടിവന്നതെന്ന് ദര്‍ശനയുടെ കുടുംബം ആരോപിച്ചിരുന്നു.
യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഭര്‍ത്താവിന്റെ അച്ഛന്‍ ദര്‍ശനയെ അസഭ്യം പറയുന്നതും ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുന്നതുമായ സംഭാഷണം വീട്ടുകാര്‍ പുറത്തുവിട്ടിരുന്നു.