അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ബസിൽ നിന്ന് ചാടിയിറങ്ങിയവരെ വഴിയിലുപേക്ഷിച്ച് ഡ്രൈവർ
അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളെ കണ്ട് ബസ് നിർത്താനും, ബസിൽ തന്നെ ആശുപത്രിയിൽ എത്തിക്കാനും ആവശ്യപ്പെട്ട് പുറത്തിറങ്ങിയ സന്നദ്ധ പ്രവർത്തകരുടെ ബാഗുമായി കെ.എസ്.ആർ.ടി.സി ബസ് സ്ഥലം വിട്ടതായി പരാതി. തൊടുപുഴയിൽ നിന്നും മുത്തപ്പൻ പുഴയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ ജീവനക്കാരാണ് കണ്ണിൽ ചോരയില്ലാത്ത പണി കാണിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും ഓമശ്ശേരിയിലേക്ക് യാത്ര ചെയ്ത സന്നദ്ധ പ്രവർത്തകരായ യുവാക്കൾക്കാണ് ദുരനുഭവമുണ്ടായത്.
രാത്രി 12.35 ഓടെ ബസ്സ് മണാശ്ശേരി സ്കൂളിന് സമീപത്തെത്തിയപ്പോൾ ഒരു ബൈക്ക് യാത്രികൻ റോഡിൽ വീണ് കിടക്കുന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. മുന്നോട്ട് നീങ്ങിയ ബസ് നിർത്താൻ ഡ്രൈവറോട് അവർ ആവശ്യപ്പെടുകയും ചെയ്തു. പരുക്ക് നിസാരമാണെങ്കിൽ ഈ ബസ്സിൽ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞാണ് യുവാക്കൾ പുറത്തിറങ്ങിയത്. എന്നാൽ യുവാക്കൾ ബസിൽ നിന്ന് പുറത്തിറങ്ങിയതോടെ അവരുടെ ബാഗുമായി ബസ്സ് സ്ഥലം വിടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ബേബി പെരുമലയിൽ പിന്നീട് കെ.എം.സി.ടി ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.