Tuesday, April 15, 2025
Kerala

വിജിലൻസിന് പിന്നാലെ ഇഡിയും: പുനർജനി പദ്ധതിയിൽ വി ഡി സതീശനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇഡിയും വിവരണശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇ‍ഡി പരിശോധിക്കും.

വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക. വിജിലൻസ് അടക്കം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയതെന്നാണ് വിവരം.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനാണ് സർക്കാർ ഇപ്പോൾ വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോപണം കഴമ്പുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞാൽ ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. വിഡി സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷൻ കൗൺസിലാണ് പരാതി നൽകിയത്.

ഒരു വർഷം മുൻപ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പ്രാഥമിക പരിശോധനക്ക് ശേഷം നടപടിയെടുക്കാൻ അനുമതി തേടി വിജിലൻസ്, സ്പീക്കർ എഎൻ ഷംസീറിന് കത്ത് നൽകിയിരിക്കുന്നു. എന്നാൽ നിയമസഭാംഗത്തിനെ വിജിലൻസ് അന്വേഷണം നടത്താൻ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കർ സർക്കാരിനെ അറിയിച്ചു. ഇതേ തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പദ്ധതിക്ക് വേണ്ടി വിദേശത്തെ ഏത് സംഘടനയിൽ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏത് വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികൾ പൂർത്തിയാക്കിയിരുന്നോ, സർക്കാരിന്റെ അനുമതി വാങ്ങിയാണോ പണപ്പിരിവിനായി വിഡി സതീശൻ വിദേശത്തേക്ക് പോയത് എന്നതടക്കം നിരവധി കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *