ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയോട് മോശമായി പെരുമാറിയ ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞു; പ്രതി ക്യാന്റീൻ ജീവനക്കാരൻ
ഇരുചക്ര വാഹനത്തിലെത്തിയ ആൾ റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ അപമാനിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പാറ്റൂർ മൂലവിളകത്താണ് സംഭവമുണ്ടായത്. ഉള്ളൂർ സ്വദേശി ജയിസനാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ കാൻ്റീൻ ജീവനക്കാരനാണ് ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം. പേട്ട പൊലീസിൽ പരാതി നൽകിയത് അനുസരിച്ചാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരെയായിരുന്നു മോശം പെരുമാറ്റമുണ്ടായത്. നടന്നു പോവുകയായിരുന്ന വീട്ടമ്മയോട് ഇരുചക്ര വാഹനത്തിലെത്തിയ ആൾ വളരെ മോശമായി സംസാരിക്കുകയായിരുന്നു. സമീപത്തെ ദന്തൽ ക്ലിനിക്കിലേക്ക് പോവുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
നേരത്തെ മൂലവിളാകത്ത് തന്നെ മറ്റൊരു വീട്ടമ്മയും ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നടുറോഡിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. പാറ്റൂർ മുതൽ സ്ത്രീയെ അക്രമി പിന്തുടരുന്നതിൻറെ ദൃശ്യങ്ങൾ അന്ന് പൊലീസ് ശേഖരിച്ചിരുന്നു. അക്രമം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതി ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടില്ല.
നേരത്തേയുള്ള സംഭവത്തിൽ മരുന്ന് വാങ്ങാൻ രാത്രി പുറത്തിറങ്ങിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. പണമെടുത്തില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവർ വീട്ടിലേക്ക് തന്നെ മടങ്ങിയപ്പോൾ അക്രമി സ്ത്രീയെ പിന്തുടരുകയായിരുന്നു. പാറ്റൂർ മുതൽ സ്ത്രീയുടെ പിന്നാലെ അക്രമി ഉണ്ടായിരുന്നു. പരാതിക്കാരിയെ കയറിപ്പിടിക്കുകയും മുഖം ചുമരിലിടിക്കുകയും ചെയ്ത ശേഷം ഹെൽമറ്റ് ധരിച്ച അക്രമി മുന്നോട്ട് പോകുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. എന്നിട്ടും ആ കേസ് എങ്ങും എത്തിയിരുന്നില്ല.