Tuesday, April 15, 2025
Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം

 

നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. രണ്ടാം ടെര്‍മിനലില്‍ ആണ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലുകളില്‍ കൊവിഡ് ടെസ്റ്റിങ് കൗണ്ടറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിമാനത്താവള ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കൊവിഡ് പരിശോധന,

വാക്സിനേഷന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച്, 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്. ഒരു ഡോസിന് 250 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് വരെ വാക്സിന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. കൊവിന്‍ വെബ്സൈറ്റിലൂടെ അല്ലാതെ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയും രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളിലൊന്നുമായാണ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടത്.

കിന്‍ഡര്‍ ആശുപത്രിയുമായുള്ള സഹകരണത്തോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി ദിനേശ് കുമാര്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ.റാഫേല്‍ ടെഡി, കിന്‍ഡര്‍ മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 7306701378.

Leave a Reply

Your email address will not be published. Required fields are marked *