ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല; ആവശ്യം തള്ളി സംസ്ഥാന സർക്കാർ
കൊച്ചി : കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തളളി. ഹൈക്കോടതിയുടെയും ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം 56 ആണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ശുപാർശ അംഗീകരിക്കാനാകില്ലെന്ന് സർക്കാർ മറുപടി നൽകി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചിഫ് സെക്രട്ടറിയാണ് മറുപടി നൽകിയത്.
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നു. ചില ജീവനക്കാർ നൽകിയ ഹർജി ജസ്റ്റീസ് അനു ശിവരാമന്‍റെ ബെഞ്ചാണ് ആദ്യം പരിഗണിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്‍റെ അഭിപ്രായവും കോടതി തേടി. 56 എന്ന പെൻഷൻ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തന്നെ 2022 നവംബറിൽ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ജഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെത്തുടർന്നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വന്നത്.