സ്വപ്ന രാജിവയ്ക്കും മുന്‍പ് മുഖ്യമന്ത്രിയെ കണ്ടു: ശിവശങ്കര്‍– സ്വപ്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് തെളിയിക്കുന്ന എം.ശിവശങ്കറിന്റെ വാട്സപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നോര്‍ക്കയില്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതേസമയം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എം.ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടെന്നും വാട്ട്സപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തുന്നു.ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സി.എം.രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 7ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
മുഖ്യമന്ത്രി സ്വപ്നയെ കണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് നിയമസഭയില്‍ വലിയ വാക്പോരുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് കൂടിക്കാഴ്ച സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തു വരുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നോര്‍ക്കയില്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് എം.ശിവശങ്കറിന്റെ വാട്സപ്പ് ചാറ്റുകള്‍ വ്യക്തമാക്കുന്നു. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്നും ചാറ്റിൽ ശിവശങ്കർ പറയുന്നുണ്ട്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എം.ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടെന്നും വാട്ട്സപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തുന്നു. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അംഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ചാറ്റിലൂടെ ശിവശങ്കർ ഉറപ്പ് നൽകുന്നു.
ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സി.എം.രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 7ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസില്‍ ലൈഫ് മിഷന്‍ സിഇഒ പി.ബി നൂഹിൽ നിന്ന് ഇ.ഡി വിവരങ്ങൾ തേടി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിവരങ്ങൾ ആണ് തേടിയത്.