ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന് ജാമ്യം. ഉപാധികളോടെതിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി.
ഗ്രീഷ്മ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തിലുണ്ട്. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തിരുന്നു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ , ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.