‘അവഗണിക്കപ്പെടുന്ന ലൈംഗിക ആരോഗ്യം’
ഡോ: ബിഷുറുൽ ഹാഫി എൻ എ
ഇക്ക്റ ഹോസ്പിറ്റൽ, കോഴിക്കോട്
മനുഷ്യൻറെ (പുരുഷനും സ്ത്രീക്കും) നിലനിൽപ്പിന് അടിസ്ഥാന പ്രക്രിയകളിൽ ഒന്നാണല്ലോ ലൈംഗികത. ജൈവ ഉൽപ്പത്തി ക്ക് ശേഷം ജീവൻറെ പ്രജനനത്തിന് ഇത് അത്യന്താപേക്ഷിതമായി. ഒരു സമൂഹം ആയും സംസ്കാരമായും മനുഷ്യൻ പരിണാമ പെട്ടപ്പോൾ ലൈംഗികതയുടെ സ്ഥാനം സ്വകാര്യതയിലെ അമൂല്യ അനുഭൂതിയായി തുടർന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ ആശയക്കുഴപ്പങ്ങൾക്ക് ശേഷം ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ തുടങ്ങിയ ‘ലൈംഗിക വിപ്ലവം’ അവസാനപാദം ആയപ്പോഴേക്കും അതിൻറെ പാരമ്യതയിൽ എത്തി. കൗമാരക്കാരന്റെ പവിത്രതയെ നിലനിർത്താൻ ലോഹം കൊണ്ടുള്ള ലിംഗ കവചങ്ങൾ സാർവത്രികമായിരുന്ന നാടുകളിൽ നഗ്നത ആഘോഷമാക്കപ്പെട്ടു. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ലിബിഡോ സിദ്ധാന്തങ്ങൾ ലൈംഗിക മുന്നേറ്റങ്ങൾക്ക് സൈദ്ധാന്തിക, ശാസ്ത്രീയ അടിത്തറകൾ വാങ്ങിയപ്പോൾ ബഹുജന ദൃശ്യ-ശ്രാവ്യ മീഡിയകൾ അതിന്റെ കുഴലൂത്തുകാരായി. ആഗോളവൽക്കരണ ത്തിലൂടെ സംസ്കാരങ്ങളുടെ കൈമാറ്റവും അധിനിവേശവും യാഥാർഥ്യമായപ്പോൾ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യതിരിക്തത അപ്രത്യക്ഷമായി തുടങ്ങി. ഇൻറർനെറ്റ് തീർത്ത ഡാറ്റാ വിപ്ലവത്തിലൂടെ ലൈംഗികാനന്ദം ദരിദ്ര രാഷ്ട്രങ്ങളിലെ കിടപ്പറകളിൽ പോലും ഒരു വിരൽ സ്പർശത്തിന്റെ അകലം മാത്രമായി.
.
കാലം കടന്നപ്പോൾ മാറ്റങ്ങളെ ഭയപ്പാടോടെ നോക്കിക്കൊണ്ടിരുന്ന തലമുറക്കും പ്രായമായി. മാറിയ സാഹചര്യമാണ് ഉത്തമ കാലഘട്ടമെന്ന് ഹൃദയം തൊട്ട് വിശ്വസിക്കുന്ന യുവരക്തങ്ങളിലെ യാഥാർത്ഥ്യങ്ങൾ മാനസികാരോഗ്യത്തിന്റെ അളവുകോലുകളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുക. ഔദ്യോഗികവും അല്ലാത്തതുമായ ലൈംഗികവിദ്യാഭ്യാസം (sex education) കടമകളെയും അവകാശങ്ങളെയും കുറിച്ചുള്ള സ്വയം ബോധം ഉടലെടുക്കാൻ കാരണമായി. സ്ത്രീലൈംഗികാവകാശങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഉണർത്തുപാട്ടായി. രതിമൂർച്ഛയും ജീ സ്പോട്ടുമൊക്കെ അടക്കിപ്പിടിച്ച രഹസ്യങ്ങളിൽ നിന്ന് മാഗസിനുകളിലെ കവർ സ്റ്റോറികൾ ആയി മാറിയപ്പോൾ കൂടുതൽ അവബോധം ഉള്ളവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ചിറകുവിരിച്ചു. ദാമ്പത്യം ഊഷ്മളമാക്കാൻ ഇത് പലരെയും സഹായിച്ചു.
.
എന്നാൽ അവബോധം ഇരുതല മൂർച്ചയുള്ള വാൾ ആണല്ലോ? ഗതകാലങ്ങളിൽ തന്നോടൊപ്പം മണ്ണടിഞ്ഞു പോകുമായിരുന്ന ലൈംഗികപ്രശ്നങ്ങൾ ചികിത്സ വേണ്ട രോഗങ്ങളായി മനസ്സിലാക്കാൻ ആധുനിക സാഹചര്യം സഹായിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ പകുതിയിൽ ലൈംഗികതയിലെ ശാസ്ത്രീയതയെ ലബോറട്ടറിയിൽ പരീക്ഷിക്കാൻ മുതിർന്ന മാസ്റ്റർ, ജോൺസൺ ദ്വയത്തെ മൂല്യബോത്തിന്റെ ചാട്ടവാർ കൊണ്ട് നൊമ്പരപ്പെടുത്തിയ ലോകത്ത് ദശകങ്ങൾ ഏറെ കഴിഞ്ഞിട്ടും ലൈംഗികതയെ അപഗ്രഥിക്കുന്ന സെക്സോളജിസ്റ്റുകൾ പ്രതിച്ഛായ കളങ്കപ്പെട്ടവരായി തന്നെ നില കൊണ്ടു. ഇത് വിജ്ഞാനവും കഴിവും ആർജ്ജിച്ചവരെ ഈ മേഖലയിൽ നിന്ന് പിന്തിരിപ്പി ച്ചപ്പോൾ തകർത്താduന്നത് അനേകം വ്യാജന്മാരായിരുന്നു. ഊരും പേരും ഇല്ലാത്ത ക്ലിനിക്കുകളും ചേരുവ അറിയാത്ത സ്റ്റാമിന പൊടികളുമൊക്കെ എത്രത്തോളം ആളുകൾ ആശ്രയിക്കുന്നു എന്നത് ദിനംപ്രതി പത്രമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ ആധിക്യം കണ്ടാലറിയാം. (സത്യസന്ധമായി സേവനം ചെയ്യുന്നവരെ വിസ്മരിക്കുന്നില്ല, അവർക്ക് അഭിവാദ്യങ്ങളും).
.
യഥാർത്ഥത്തിൽ ലൈംഗികാരോഗ്യം അത്ര പ്രധാനമാണോ? മനുഷ്യൻറെ ദുർബല വികാരങ്ങളെ കുത്തിനോവിച്ചു സാമ്പത്തിക ചൂഷണം നടത്താനുള്ള ഒരു മാർക്കറ്റിംഗ് തന്ത്രമല്ലേ? തുടങ്ങിയ ചോദ്യങ്ങൾ പലപ്പോഴും ഉയർന്നു വരാറുണ്ട്. അതിന് മറുപടിയായി ചൂണ്ടികാണിക്കാവുന്നത് കേരളത്തിന് ഇന്ത്യയുടെ പ്രമേഹത്തിന്റെ തലസ്ഥാനം എന്ന സ്ഥാനപ്പേരാണ്. ഉയർന്നതോതിലുള്ള പ്രമേഹമുള്ളവരിൽ പകുതിയിലേറെ പേർക്കും ഉദ്ധാരണക്കുറവ് , ആഗ്രഹത്തിലും സംതൃപ്തിയിലുമുള്ള വിവിധ പ്രശ്നങ്ങൾ മുതലായവ ഉണ്ടാകുമെന്നത് തർക്ക രഹിതമായ ശാസ്ത്രസത്യം ആണെന്നിരിക്കെ കേരളത്തിലെ ലൈംഗിക പ്രശ്നങ്ങളുള്ളവരുടെ എണ്ണത്തെക്കുറിച്ച് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു വികസിത മേഖലയായി മാറിയ കേരളം പക്ഷേ മാനസികാരോഗ്യത്തിലും ആത്മഹത്യാ നിരക്കിലുമൊക്കെ നിരാശാജനകമായ അവസ്ഥയിലാണ്. മാനസികാസ്വാസ്ഥ്യങ്ങൾ ബഹുഭൂരിപക്ഷം ലൈംഗിക രോഗങ്ങളുടെയും അടിസ്ഥാന കാരണം ആണ് എന്ന യാഥാർത്ഥ്യം നമുക്കിടയിൽ ഒട്ടനേകം അസംതൃപ്തർ ഉണ്ടാകുമെന്നതിന് ചൂണ്ടുപലകയാണ്. കൊറോണ ഉളവാക്കിയ പ്രതിസന്ധി ഇതിന് ആക്കം കൂട്ടിയിട്ടുണ്ട് ലേഖകൻറെ ക്ലിനിക്കിലെ statistics തന്നെ തെളിവാണ്. നാം ക്ലിനിക്കിൽ കാണുന്നത് ഐസ് ബർഗിന്റെ ഉപരിതലം മാത്രമാണ് എന്ന തത്വം മുൻ നിർത്തി വിലയിരുത്തുമ്പോൾ യഥാർത്ഥ നിരക്ക് അച്ചിന്തനീയമാകാം. കേരളത്തിൽ ഉയർന്നു വരുന്ന ഡിവോഴ്‌സ് നിരക്കും അസംതൃപ്തിയും അനിഷേധ്യമായ ബന്ധവുമുണ്ടാകാം. കൂടുതൽ പഠനം നടക്കേണ്ടിയിരിക്കുന്നു.
.
നമ്മുടെ നാടിന്റെ ആദർശങ്ങളിലെ നാനാത്വം, സാംസ്കാരികമായി ഉചിതമായ ഔദ്യോഗിക ലൈംഗികവിദ്യാഭ്യാസം ഒരുക്കുന്നതിൽ തടസ്സം സൃഷ്ടിക്കുമ്പോൾ, പല സഹോദരങ്ങളും വികലമായ കാഴ്ചപ്പാടുകളുമായാണ് ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. സെക്സ് എഡ്യൂക്കേഷൻ എവിടെ, ആര്, എങ്ങനെ കൊടുക്കണം എന്ന് തർക്കം മാറ്റിവെച്ച് ശരിയായ വിജ്ഞാനത്തിൻറെ അഭാവം ഒന്ന് കൊണ്ട് മാത്രം ദാമ്പത്യം നരകതുല്യമായവരെ ഒരു നിമിഷം കണക്കിലെടുക്കുക. വൈവാഹിക ജീവിതത്തിൽ വർഷങ്ങളോളം തെറ്റായ രീതിയിൽ ലൈംഗിക ബന്ധം നടത്താൻ ശ്രമിച്ച്, പരാജയപ്പെട്ട്, അവസാനം ഐ വി എഫ് പോലുള്ള പ്രക്രിയകൾ ചെയ്ത് സന്താനോൽപാദനം നടത്തേണ്ടി വരുന്ന ദമ്പതികൾ വിരളമല്ല എന്നത് ലവലേശം അതിശയോക്തി കലർത്താതെ തന്നെ പറയാൻ സാധിക്കും. എന്നാൽ എന്നാൽ മെഡിക്കൽ കോളേജുകളിലടക്കം ലൈംഗിക വൈദ്യശാസ്ത്രത്തിന് ഒരു വിഭാഗമില്ല എന്നത് ഇത്തരം രോഗികൾക്ക് ആരോട് വിദഗ്ധാഭിപ്രായം തേടണം എന്നതിൽ കനത്ത ആശയക്കുഴപ്പം ഉളവാക്കുന്നു. ഉദാഹരണത്തിന്, ഉദ്ധാരണക്കുറവ് ഉണ്ടാകുന്നത് ഉൽക്കണ്ഠ കൊണ്ടാണെങ്കിൽ മാനസികാരോഗ്യ വിദഗ്ധനേയും, ലിംഗത്തിൻറെ ജൈവികമായ പ്രശ്നങ്ങൾ മൂലമാണെങ്കിൽ യൂറോളജിസ്റ്റിനെയും പ്രമേഹം കൊണ്ടാണെങ്കിൽ ഡയബറ്റോളജിസ്റ്റിനെയും ആണ് കാണിക്കേണ്ടത്. ഇത് തിരിച്ചറിയാൻ സാധിക്കാത്ത ഒരാൾ ശരിയായ വിദഗ്ധനെ അല്ല കാണിച്ചതെങ്കിൽ ചികിത്സ ഫലവത്താവണമെന്നില്ല. ഇനി എല്ലാം ശരിയാണെങ്കിൽ പോലും ഭാര്യയുമായുള്ള ബന്ധത്തിലെ അപചയമാണ് കാരണമെങ്കിൽ ഒരു റിലേഷൻഷിപ്പ് തെറാപ്പിസ്റ്റ് രണ്ടുപേരെയും കൗൺസിലിംഗ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാകുന്നു. ഏത് രോഗങ്ങളും ഡോക്ടറെ ഒരു പ്രാവശ്യം കാണുന്നതിലൂടെ തന്നെ മാറണം എന്ന് ആഗ്രഹിക്കുന്ന, വിശ്വസിക്കുന്നവരാണ് മിക്കവരും. എന്നാൽ പ്രശസ്ത ഇറ്റാലിയൻ sexologistaya ഫ്രാൻസിസ്കോ ട്രിപോടി യുടെ അഭിപ്രായത്തിൽ 5-10 തവണ വരെ നീണ്ടുനിൽക്കുന്ന ചികിത്സ യിലൂടെയേ ഒരു ശരാശരി ലൈംഗിക/ദാമ്പത്യ പ്രശ്നം മാറുകയുള്ളൂ. വ്യക്തിജീവിതത്തിലെ ഇരുണ്ട അധ്യായങ്ങൾ മുഴുവനായി ആദ്യതവണ തന്നെ ഒരാൾ ഡോക്ടറോട് വെളിപ്പെടുത്തും എന്നത് വിശ്വസിക്കാനാകില്ല എന്നിരിക്കെ ശരിയായ രോഗനിർണയം നടത്തുന്നതിന് പോലും ചിലപ്പോൾ ഒന്നിൽ കൂടുതൽ കൺസൾട്ടേഷൻ വേണ്ടിവന്നേക്കാം. അപ്പോൾ ഏത് അസുഖത്തിനും ഒറ്റമൂലിയായി ഒരു മാന്ത്രിക പൊടി തന്നു നിമിഷനേരംകൊണ്ട്, വർഷങ്ങളായിയുള്ള തൻറെ പ്രശ്നത്തെ മാറ്റി തരുന്ന ഒരു ഒരു ഗുരുവിനെ പ്രതീക്ഷിച്ചാണ് രോഗി വരുന്നതെങ്കിൽ അവൻ നിരാശനാവുകയും ചികിത്സ തുടരാതെ ജീവിതം ദുരിതത്തിൽ ആക്കുകയും ചെയ്യുന്നു.
.
.
ലൈംഗികത മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങൾ കോർത്തിണക്കുന്ന സങ്കീർണ്ണമായ ഒരു പ്രക്രിയ ആയതിനാൽ, വിവിധ വിദഗ്ധർ ഒരുമിക്കുന്ന liason ക്ലിനിക്കുകൾ ക്ക് മാത്രമേ അതിനെ സമഗ്രമായി സമീപിക്കാൻ പറ്റു. വളരെ സങ്കീർണമായ അവസ്ഥകളിൽ ചില പ്രശ്നങ്ങൾക്ക് ചിലപ്പോൾ ഒരു രോഗ ശമനം ഇല്ലായിരുന്നേക്കാം, എന്നാൽ വ്യക്തമായ ചർച്ചകളും വിദഗ്ധരുമായുള്ള പങ്കുവെക്കലും രോഗിയുടെ മാനസികസംഘർഷം കുറയ്ക്കാനും സ്വന്തം കഴിവിന്റെ പരമാവധി, ഫലപ്രദമായി ഉപയോഗിച്ചു ദാമ്പത്യത്തിൽ സാധ്യമായ സന്തോഷങ്ങളും ഊഷ്മളതയും തിരികെ കൊണ്ടുവരാനും സഹായിച്ചേക്കാം. ദുരവസ്ഥയുടെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വ്യക്തമായ രോഗനിർണയം ലഭിച്ചാൽ തന്നെ പലരുടേയും പാതി പ്രയാസം നീങ്ങുന്നത് പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. ശേഷം അതാത് രോഗത്തിന്റെ വിദഗ്ധരുടെ സഹായത്തോടെ പൂർണ്ണമായ ചികിത്സ ലഭ്യമാക്കാവുന്നതാണ്. രഹസ്യങ്ങൾ സ്വതന്ത്രമായി, സുരക്ഷിതമായി പറയാൻ പറ്റുന്ന ഒരു സാഹചര്യം തിരക്കേറിയ ഒ പി കളിൽ ഉണ്ടാവാനിടയില്ലാത്തതിനാൽ അതിനുതകുന്ന സ്ഥലങ്ങളിൽ ലൈംഗികപരമായ വിഷയങ്ങൾ പ്രൊഫഷണ ലായി, വിശദമായി പ്രതിപാദിക്കാൻ പരിശീലനം സിദ്ധിച്ച വിദഗ്ധർ ഉൾക്കൊള്ളുന്ന ടീമുകൾ പലയിടങ്ങളിലായി ഉയർന്നു വന്നാൽ മാത്രമേ കേരളത്തിലെ എണ്ണമറ്റ രോഗികളുടെ സമഗ്രമായ ചികിത്സ യാഥാർഥ്യമാകൂ. വിവിധ കാരണങ്ങൾകൊണ്ട് ലൈംഗിക പ്രശ്നങ്ങളുമായി ഒരു ക്ലിനിക്കിലേക്ക് പോകാൻ മടിക്കുന്നവർക്കായി സുരക്ഷിതമായ ഓൺലൈൻ സംവിധാനങ്ങളും ഒരുക്കപ്പെടെണ്ടതായുണ്ട്. ലിംഗ, പ്രായ വ്യത്യാസമില്ലാതെ മടി കൂടാതെ കയറി ചെന്ന് പ്രശ്ന പരിഹാരം ലഭിക്കുന്ന വാതിലുകൾ തുറക്കപ്പെടുന്നതിലൂടെ ചിലപ്പോൾ ഒരുപാട് ദാമ്പത്യം രക്ഷപ്പെട്ടേക്കാം.
Written by
*Dr.Bishurul Hafi NA.MBBS,MD*
Specialist in Sexual Medicine and Marital health
IQRAA Centre for Sexual Medicine
Adress Mall, Kozhikode 9188619684