സംസ്ഥാനത്ത് വാക്‌സിനേഷനിൽ റെക്കോർഡ്; ഇന്ന് വാക്‌സിൻ നൽകിയത് 4.96 ലക്ഷം പേർക്ക്
സംസ്ഥാനത്ത് വാക്‌സിനേഷനിൽ റെക്കോർഡ്. ഇന്ന് 4,96,619 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോട ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകിയ ദിവസമായി ഇന്ന്. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതൽ വാക്സിൻ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇന്ന് 1,753 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 97,507 പേർക്ക് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ.