Saturday, April 12, 2025
Health

മുഖക്കുരു, കരുവാളിപ്പ്, എണ്ണമയം; പരിഹാരം കറ്റാർ വാഴ, ചെയ്യേണ്ടത്

 

കാലാവസ്ഥയിലെയും ജീവിതശൈലിയിലെയും മാറ്റങ്ങൾ ചർമത്തിന് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജീവിതത്തിലെ തിരക്കുകളും തുടർച്ചയായ ചർമ പ്രശ്നങ്ങളും പരിഹാരം കണ്ടെത്താനും പരീക്ഷിക്കാനുമുളള താൽപര്യം ഇല്ലതാക്കുകയാണ്. പരീക്ഷണങ്ങള്‍ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമോ എന്ന പേടിയാണ് ചിലര്‍ക്കുള്ളത്. എന്നാൽ വീട്ടിൽ തന്നെയിരുന്ന്, പ്രകൃതിദത്തമായ മാർഗത്തിലൂടെ പരിഹാരം കണ്ടെത്താമെങ്കിലോ ?

ഇതിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ. നിരവധി പ്രശ്നങ്ങൾ ഒരു പരിഹാരം, വേഗത്തിലുള്ള ഫലപ്രാപ്തി എന്നിവയാണ് കറ്റാർവാഴയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. സൗന്ദര്യ പ്രശനങ്ങൾക്കു പരിഹാരമായി കറ്റാർ വാഴ എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറാൻ കറ്റാർ വാഴ സഹായിക്കുന്നു. ഇതിനായി കറ്റാർ വാഴയുടെ നീരിനൊപ്പം ഒരൽപ്പം ചെറു നാരങ്ങാ നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. ശേഷം മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകണം. ആഴ്ചയിൽ രണ്ടു തവണ ഇത് ചെയ്യാം.

മുഖക്കുരുവിന്റെ പാടുകൾ, പൊള്ളലേറ്റ പാടുകൾ, ചർമത്തിന്റെ പിഗ്‌മെന്റേഷൻ എന്നിവ മാറ്റാൻ കറ്റാർവാഴ ഉപയോഗിക്കാം. കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തെ പാടുകളിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം കഴുകാം. സ്ഥിരമായി ചെയ്താൽ മുഖത്തെ പാടുകൾ മാറുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.

ചർമത്തിലെ എണ്ണമയം അകറ്റാൻ കറ്റാർ വാഴ സഹായിക്കുന്നു. കറ്റാർവാഴ നീരിൽ അൽപം തേൻ ചേർത്ത് മുഖത്ത് തേയ്ക്കാം. ഇത് ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

ചർമത്തിന് തിളക്കം നൽകാൻ കറ്റാർ വാഴ ഉത്തമമാണ്. അതിനായി ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി, തേൻ, റോസ് വാട്ടർ, പാൽ, കറ്റാർ വാഴനീര് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കണം. ഈ മിശ്രിതം നന്നായി മുഖത്തു തേച്ച് 20 മിനിറ്റിനു ശേഷം കഴുകാം.

 

 

Leave a Reply

Your email address will not be published. Required fields are marked *