Monday, January 6, 2025
Health

ആരോഗ്യകരമായി തടി കുറക്കാൻ ഈ ജ്യൂസ് കുടിക്കാം

തടി കുറയ്ക്കുന്നുവെങ്കിലും ഒരാള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ഫൈബര്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, വിറ്റാമിനുകള്‍, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ അടങ്ങിയ എല്ലാ ഭക്ഷണവും അവരുടെ ഭക്ഷണത്തില്‍ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും നമ്മുടെ ഭക്ഷണത്തില്‍ കൂടുതല്‍ സീസണല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു, അത്തരം ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്.

ആരോഗ്യകരമായ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയതാണ് ബീറ്റ്‌റൂട്ട്. ധാരാളം ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമയി നില്‍ക്കാന്‍ സഹായിക്കുന്നു. അതിനാല്‍, അമിതവണ്ണമുള്ള ഒരാള്‍ക്ക് അവരുടെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന അനുയോജ്യമായ പച്ചക്കറിയാണിത്. മാത്രമല്ല, ബീറ്റ്‌റൂട്ടില്‍ കലോറിയും വളരെ കുറവാണ്. 100 ഗ്രാം ബീറ്റ്‌റൂട്ടില്‍ 43 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകളും മാത്രമാണ് അടങ്ങിയിട്ടുള്ളത്. ബീറ്റ്‌റൂട്ട് കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സലാഡുകള്‍, സാന്‍ഡ്‌വിച്ചുകള്‍, സൂപ്പുകള്‍ എന്നിവയാക്കി കഴിക്കുക എന്നതാണ്. ഇതില്‍ ഏറ്റവും ഗുണം ചെയ്യുന്നത് ബീറ്റ്‌റൂട്ട് ജ്യൂസ് രൂപത്തില്‍ കഴിക്കുക എന്നതാണ്.

നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ടിന് കഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ശക്തികേന്ദ്രമായ ബീറ്റ്‌റൂട്ട് നിങ്ങള്‍ക്ക് പല വിധത്തില്‍ ജ്യൂസ് അടിച്ചു കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ജ്യൂസ് കോമ്പിനേഷനുകള്‍ ഇവയാണ്.

ബീറ്റ്‌റൂട്ടിനൊപ്പം നാരങ്ങ ചേര്‍ത്ത് നിങ്ങള്‍ക്ക് ജ്യൂസ് തയാറാക്കി കുടിക്കാവുന്നതാണ്. നുറുക്കിയെടുത്ത ഒരു കപ്പ് ബീറ്റ്‌റൂട്ട്, നാല് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, കാല്‍ കപ്പ് വെള്ളം, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനായി വേണ്ടത്. ആദ്യമായി ബീറ്റ്‌റൂട്ട് വെള്ളം ചേര്‍ത്ത് അടിയ്ക്കുക. ഇതിലേക്ക് നാരങ്ങാ നീരും ഹിമാലയന്‍ സാള്‍ട്ടും ചേര്‍ത്തിളക്കി ജ്യൂസ് തയാറാക്കാവുന്നതാണ്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ വെറുംവയറ്റില്‍ ഈ ജ്യൂസ് കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

ബീറ്റ്‌റൂട്ടിനൊപ്പം ക്യാരറ്റ് ചേര്‍ത്ത് നിങ്ങള്‍ക്ക് ജ്യൂസ് തയാറാക്കാവുന്നതാണ്. ഒന്നര കപ്പ് ബീറ്റ്‌റൂട്ട്, ഒന്നര കപ്പ് ക്യാരറ്റ്, കാല്‍ കപ്പ് വെള്ളം, നാലു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങ നീര്, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട്, ഒരു പിടി പുതിനയില എന്നിവയാണ് ഈ ജ്യൂസ് തയാറാക്കാനായി നിങ്ങള്‍ക്കു വേണ്ടത്. ബീറ്റ്‌റൂട്ട്, ക്യാരറ്റ്, പുതിനയില എന്നിവ മിക്‌സറില്‍ ചേര്‍ത്തടിയ്ക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും വെള്ളവും ഉപ്പും ചേര്‍ത്തിളക്കി ജ്യൂസ് തയാറാക്കുക. തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച ജ്യൂസാണിത്.

ബീറ്റ്‌റൂട്ടിനൊപ്പം ആപ്പിള്‍ ചേര്‍ത്തടിച്ചും നിങ്ങള്‍ക്ക് ജ്യൂസ് തയാറാക്കാവുന്നതാണ്. ആപ്പിളില്‍ അടങ്ങിയ ഫൈബറ് നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തി ഉദരാരോഗ്യം സംരക്ഷിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് കറുവാപ്പട്ട പൊടിയും ഹിമാലയന്‍ സാള്‍ട്ടും ചേര്‍ക്കാവുന്നതാണ്. ഒന്നര കപ്പ് അരിഞ്ഞ ബീറ്റ്‌റൂട്ട്, ഒരു കപ്പ് ആപ്പിള്‍ അരിഞ്ഞത്, ഒരു നുള്ള് കറുവാപ്പട്ട പൊടി, ഒരു നുളള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഈ ജ്യസ് തയാറാക്കുന്നതിനായി നിങ്ങള്‍ക്കു വേണ്ടത്. ബീറ്റ്‌റൂട്ടും ആപ്പിളും ചേര്‍ത്തടിച്ചു ജ്യൂസാക്കി ഇതില്‍ കറുവാപ്പട്ട പൊടിയും ഹിമാലയന്‍ ഉപ്പും ചേര്‍ത്തിളക്കി കുടിയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *