ലോകത്ത് ആറ് തരം കൊവിഡ് രോഗം; ഓരോന്നിന്നും വ്യത്യസ്ത ലക്ഷണങ്ങള്‍; ബ്രിട്ടീഷ് പഠനം
ലണ്ടന്‍: ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടിയും കടന്ന് മുന്നേറുകയാണ്. മരണനിരക്കും ദിവസം കഴിയും തോറും ഉയരുകയാണ്. 613,340 പേരാണ് ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ ഇതുവരെ 3,961,429 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടെ, പ്രതീക്ഷ നല്‍കി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയമായിരിക്കുകയാണ്.
അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കലുമായി ചേര്‍ന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. മനുഷ്യനില്‍ നടത്തിയ ആദ്യ പരീക്ഷണം വിജയമായതോടെ ലോകമാകെ വന്‍ പ്രതീക്ഷയിലായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടനില്‍ നിന്ന് കൊവിഡുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ആറ് തരത്തിലുള്ള കൊവിഡ് രോഗമാണ് ഇപ്പോള്‍ ലോകത്തുള്ളതെന്ന് പറയുന്നു. ഇവ ഓരോന്നിന്നും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ബ്രിട്ടീഷ് ഗവേഷകരുടെ കണ്ടെത്തലില്‍ പറയുന്നു.
ലണ്ടനിലെ കിംഗ് കോളേജിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. കൊവിഡ് രോഗ ലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ഇവര്‍ പഠനം നടത്തിയത്. വരു ദിവസങ്ങളില്‍ രോഗികള്‍ക്ക് ചികിത്സ നിശ്ചയിക്കുന്നതില്‍ ഡോക്ടര്‍മാരെ ഈ പഠനം സഹായിക്കുമെന്നാണ് കരുതുന്നത്.
ലോകത്ത് ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡ് വൈറസ് ആറ് തരത്തിലുണ്ടെന്നാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ് തരം വൈറസിനും വ്യത്യസ്ത ലക്ഷണങ്ങളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെന്റിലേറ്റര്‍, ഓക്‌സിജന്‍ സഹായം വേണമോ, രോഗതീവ്രത, ശ്വാസതടസം തുടങ്ങി പല കാര്യങ്ങള്‍ ബന്ധപ്പെടുത്തിയാണ് ഏത് തരത്തിലുള്ള രോഗമാണെന്ന് നിശ്ചയിക്കുക.
പ്രാരംഭഘട്ടം
വൈറസ് ബാധ സ്ഥിരീകരിച്ച് അഞ്ചാം ദിവസം ഇത് ഏത് വിഭാഗത്തില്‍പ്പെട്ടയാളാണ് രോഗി എന്ന് പ്രവചിക്കാന്‍ സാധിച്ചാല്‍ പെട്ടെന്ന് ഏത് തരം ചികിത്സ നല്‍കണമെന്നും ആദ്യ ഘട്ടത്തില്‍ തന്നെ ഇടപെടാന്‍ സാധിക്കും. രക്തത്തിലെ ഓക്‌സിഡന്റെ അളവും പഞ്ചസാരയുടെ അളവ് എന്നിവ നിരീക്ഷിക്കാനും ശരീരത്തില്‍ ജലാംശം കൃത്യമായി നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി ആറ് തരം രോഗ ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്
രോഗികള്‍ക്ക് പനിയില്ലാത്ത ഫ്‌ളൂ പോലുള്ള അവസ്ഥയുണ്ടാകും. തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകല്‍. ചുമ, തൊണ്ട വേദന, നെഞ്ചു വേദന എന്നിവയാണ് ഉണ്ടാകുക.
രണ്ട്
പനിയോട് കൂടിയുള്ള ഫ്‌ളൂ പോലുള്ള അവസ്ഥയുണ്ടാകും. ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകല്‍, ചുമ, തൊണ്ട വേദന, തൊണ്ടയടപ്പ്, പനി, ദഹനക്കുറവ് എന്നീ ലക്ഷങ്ങള്‍ രോഗികള്‍ പ്രകടിപ്പിക്കും.
മൂന്ന്
ഗാസട്രോഇന്റെസ്‌നൈല്‍; തലവേദന, ഗന്ധശേഷി നഷ്ടമാകല്‍, ദഹനക്കുറവ്, വയറിളക്കം, തൊണ്ട വേദന, നെഞ്ചുവേദന, ചുമ ഇല്ലാതിരിക്കല്‍ എന്നിവ പ്രകടിപ്പിക്കും.
നാല്
ഗുരുതരമായ ലെവല്‍ 1 എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. ക്ഷീണം: തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകല്‍, ചുമ, പനി, പരുക്കന്‍, നെഞ്ചുവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍
അഞ്ച്
ഗുരുതരമായ ലെവല്‍ രണ്ട്, ആശയക്കുഴപ്പം, തലവേദന, ഗന്ധം നഷ്ടം, വിശപ്പ് കുറയല്‍, ചുമ, പനി, പരുക്കന്‍ വേദന, തൊണ്ടവേദന, നെഞ്ചുവേദന, ക്ഷീണം, ആശയക്കുഴപ്പം, പേശി വേദന എന്നിവയാണ് ലക്ഷണങ്ങള്‍
ആറ്
ഗുരുതരമായ ലെവല്‍ മൂന്ന്, വയറുവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തലവേദന, ഗന്ധം, വിശപ്പ് കുറവ്, ചുമ, പനി, പരുക്കന്‍ അവസ്ഥ, തൊണ്ടവേദന, നെഞ്ചുവേദന, ക്ഷീണം, ആശയക്കുഴപ്പം, പേശി വേദന, ശ്വാസം മുട്ടല്‍, വയറിളക്കം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഇതില്‍ നാല്, അഞ്ച്, ആറ് എന്നീ ലക്ഷണങ്ങളുടെ രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുക. ഇവര്‍ക്ക് ശ്വസിക്കാനുള്ള സഹായങ്ങള്‍ ചെയ്ത് നല്‍കേണ്ടിവരുമെന്ന് ഗവേഷകര്‍ പറയുന്നു.