ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ പരീക്ഷിക്കാം പാവയ്ക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍…
പലര്‍ക്കും കഴിക്കാന്‍ അത്ര ഇഷ്ടമല്ലാത്ത പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം, ബീറ്റാ കരാട്ടിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിന്‍റെയും കരളിന്‍റെയും ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാനും മുഖക്കുരുവിനെ തടയാനും ചര്‍മ്മം തിളങ്ങാനും പാവയ്ക്ക കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരം ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…
ഒന്ന്…
പാവയ്ക്ക അരിഞ്ഞത് ആവശ്യത്തിന് എടുക്കുക. ശേഷം ഇതിലേയ്ക്ക് വെള്ളരിക്ക അരിഞ്ഞത് ചേര്‍ത്ത് നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. തിളക്കമുള്ള ചര്‍മ്മത്തിനായി ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ പരീക്ഷിക്കാം.
രണ്ട്…
രണ്ട് ടേബിള്‍ സ്പൂണ്‍ പാവയ്ക്ക ജ്യൂസിലേയ്ക്ക് തൈരും മുട്ടയും ആവശ്യത്തിന് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 25 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ഈ പാക്ക് പരീക്ഷിക്കാം.
മൂന്ന്…
പാവയ്ക്ക, മഞ്ഞള്‍, ആര്യവേപ്പില എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു അകറ്റാന്‍ ഈ പാക്ക് പരീക്ഷിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.