രാവിലെ ചൂട് വെള്ളം കുടിച്ചാൽ അമിതഭാരം കുറയുമോ ? വിദഗ്ധർ പറയുന്നത് കേൾക്കൂ
രാവിലെ ചൂട് വെള്ളം കുടിക്കുന്നത് അമിതഭാരം കുറയ്ക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ഇതിന്റെ ഭാഗമായി പലരും ഈ ചൂട് വെള്ളം കുടി പരീക്ഷിച്ചിട്ടുണ്ട്. അവർക്കൊന്നും ഫലമുണ്ടായില്ലെന്നതാണ് സത്യം. രാവിലെ ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാൻ കാരണമാകുമെന്നത് മിഥ്യാ ധാരണയാണെന്ന് ഡോ.സിദ്ധാന്ഥ ഭാർഗവ പറയുന്നു.
അമിത വണ്ണം കുറയാൻ രാവിലെ ചൂട് വെള്ളം കുടിക്കുന്നത് ഉദ്ദേശിച്ച ഫലമല്ല ഉണ്ടാക്കുകയെന്നാണ് ഡോ.സിദ്ധാന്ത് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞത്. ശരീരത്തിൽ അമിത വണ്ണം കുറയണമെങ്കിൽ കലോറി കത്തിച്ചുകളയുകയാണ് വേണ്ടത്. നിങ്ങൾ രാവിലെ തണുത്ത വെള്ളം കുടിക്കുമ്പോൾ വെള്ളത്തിന്റെ തണുപ്പ് മാറ്റി ശരീരോഷ്മാവിലേക്ക് ചൂട് എത്തിക്കാൻ ശരീരം ചൂടാകും. ഇത് കലോറി കത്തിച്ചു കളയുന്നതിന് കാരണമാകും.
പക്ഷേ അത് കൊണ്ട് മാത്രം കാര്യമുണ്ടോ ? അങ്ങനെയെങ്കിൽ ഒരു കുപ്പി തണുത്ത വെള്ളം കുടിച്ച് കലോറി കത്തിച്ചുകളയാമല്ലോ എന്നാകും ഇപ്പോൾ ചിന്തിക്കുന്നത്. ഒരു ലിറ്റർ തണുത്ത വെള്ളം ചൂടാക്കാനായി ശരീരം ഉപയോഗിക്കുന്നത് വെറും 25 കലോറിയാണ്. അതായത് 5 ഉരുളക്കിഴങ്ങ് ചിപ്‌സിൽ ഉള്ള കലോറി. അതുകൊണ്ട് തന്നെ ചിട്ടയായ വ്യായാമവും ഭക്ഷണ ക്രമീകരണവും മാത്രമേ അമിതഭാരം കുറയാൻ സഹായിക്കുകയുള്ളു. അമിതഭാരം മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുടെ ഫലമാണെങ്കിൽ (ഹോർമോൺ പ്രശ്‌നം പോലുള്ളവ ) ഡോക്ടറുടെ വിദഗ്‌ധോപദേശ തേടിയ ശേഷം മാത്രമേ അത് കുറയ്ക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാൻ പാടുള്ളു.