ഡെൽറ്റാ വകഭേദം സ്ഥിരീകരിക്കുന്നവരുടെ രോഗലക്ഷണങ്ങളിൽ മാറ്റം: പ്രധാന ലക്ഷണമെന്തെന്ന് നോക്കാം
ലണ്ടൻ: ഡെൽറ്റാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക പഠന റിപ്പോർട്ട് പുറത്ത്. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദ്യകാല കോവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നുമാണ് പഠനത്തിൽ പറയുന്നത്. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
മുൻപ് കോവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്തിരുന്ന ഗന്ധം നഷ്ടമാകൽ ഡെൽറ്റ വകഭേദത്തിന്റെ കാര്യത്തിൽ പ്രകടമല്ലാത്ത ലക്ഷണമായി മാറിയെന്ന് പഠന റിപ്പോർട്ടിൽ വിശദമാക്കുന്നു. ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പുതിയ ലക്ഷണമാണ് മൂക്കൊലിപ്പെന്നും എന്നാൽ മുൻ കേസുകളിൽ ഇത് ഒരു പ്രധാന ലക്ഷണമായി അപൂർവമായി മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ലാറ ഹെരേറോ വ്യക്തമാക്കി. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പനി, സ്ഥിരമായ ചുമ എന്നിവയാണ് ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പ്രധാന ലക്ഷണങ്ങളെന്നും വിദഗ്ധർ പറയുന്നു.
രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് വൈറസിന്റെ പരിണാമം ഉൾപ്പെടെയുള്ള കാരണങ്ങളാണ്. തീവ്ര വ്യാപന ശേഷിയുളള ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.