Wednesday, April 16, 2025
Health

അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് അപകടമോ? അറിയാം…

ദിവസവും പാചകം ചെയ്യുന്ന വീടുകളില്‍ തീര്‍ച്ചയായും ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജിലോ മറ്റോ സൂക്ഷിച്ചുവയ്ക്കേണ്ട സാഹചര്യമുണ്ടാകാം. ഈ ഉപയോഗത്തിന് അലൂമിനിയം ഫോയില്‍ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്. അതുപോലെ തന്നെ പതിവായി ടിഫിൻ കൊണ്ടുപോകുന്നതിനായും അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നവരുണ്ട്.

ഒരുപക്ഷെ നിങ്ങള്‍ കേട്ടിരിക്കാം, അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നൊരു വാദം. എന്നാല്‍ എപ്പോഴെങ്കിലും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യത്തെ പറ്റി അന്വേഷിച്ചിട്ടുണ്ടോ?

അലൂമിനിയം ഫോയില്‍ ഭക്ഷണം പൊതിയുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് ഒരു സൗകര്യത്തിനാണ്. ഏറ്റവും കുറവ് സമയത്തിനുള്ളില്‍, ജോലി കുറഞ്ഞ രീതിയില്‍ ഭക്ഷണം പെട്ടെന്ന് പൊതിഞ്ഞെടുക്കാമെന്നത് ഒരു കാരണം. അതുപോലെ ഭക്ഷണം ചൂട് പോകാതെ സൂക്ഷിക്കാമെന്നത് മറ്റൊരു കാരണം. എന്നാലിതിന്‍റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ അധികമാരും ശ്രമിക്കാറില്ല.

സത്യത്തില്‍ അലൂമിനിയം ഫോയിലില്‍ ഭക്ഷണം പൊതിയുന്നതും, ആ ഭക്ഷണം കഴിക്കുന്നതും പതിവാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം മറ്റൊന്നുമല്ല ഇതില്‍ നിന്ന് മെറ്റല്‍- കെമിക്കല്‍ അംശങ്ങള്‍ ഭക്ഷണത്തില്‍ കലരുന്നു എന്നത് തന്നെ.

ചില ഭക്ഷണങ്ങള്‍ ഈ സാധ്യത കൂട്ടുന്നുണ്ട്. അസിഡിക് ആയ ഭക്ഷണങ്ങള്‍, ആല്‍ക്കലൈൻ ആയ ദ്രാവകങ്ങളുള്ളത്, ചൂടുള്ള ഭക്ഷണങ്ങള്‍ എന്നിവയാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. ഭക്ഷണത്തില്‍ ചേര്‍ത്തിട്ടുള്ള ഉപ്പ്, സ്പൈസസ്‍, അവയുടെ പിച്ച് നില എന്നിവയും എത്രമാത്രം മെറ്റില്‍- ഫോയിലില്‍ നിന്ന് ഭക്ഷണത്തിലേക്ക് കലരുന്നു എന്നതിനെ നിര്‍ണയിക്കുന്നു.

പലരും ഭക്ഷണം കേട് കൂടാതെ സൂക്ഷിക്കുന്നതിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞുവല്ലോ. എന്നാല്‍ ഇത്രയും ടൈറ്റായി പൊതിയുന്നതിനാല്‍ തന്നെ ഒട്ടും വായു എത്താതിരിക്കുന്നതാല്‍ ഭക്ഷണം കേടുകൂടാതെ ഇരിക്കുന്നതിന് പകരം പെട്ടെന്ന് കേടാകാനും സാധ്യത കൂടുതലാണ്. ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ക്ക് അനുകൂലമായ അന്തരീക്ഷവും ഇതിലുണ്ടാകുന്നു.

പ്രത്യേകിച്ച് പാലുത്പന്നങ്ങള്‍, മീൻ- ഇറച്ചി വിഭവങ്ങളെല്ലാമാണെങ്കില്‍ ഇവ പെട്ടെന്ന് കേടാകാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.

ഇത്തരത്തില്‍ ബാക്കിവന്ന ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിനോ മറ്റോ ക്ലിംഗ് റാപോ, പ്ലാസ്റ്റിക് കണ്ടെയ്നറുകളോ, ഗ്ലാസ് കണ്ടെയ്നറുകളോ ഉപയോഗിക്കാവുന്നതാണ്. ഇവയാണ് കൂടുതല്‍ സുരക്ഷിതം.

തക്കാളി, സിട്രസ് ഫ്രൂട്ട്സ്, ഗരം മസാല, ജീരകം, മഞ്ഞള്‍, കറികള്‍, അച്ചാറുകള്‍, ചീസ്, ബട്ടര്‍ എന്നിവയൊന്നും അലൂമിനിയം ഫോയിലില്‍ എടുത്ത് വയ്ക്കാതിരിക്കുന്നതാണ് നല്ലത്. അതേസമയം സാൻഡ്‍വിച്ചെസ്, ബ്രഡ്, കേക്ക്, മഫിൻസ്, റോസ്റ്റഡ് വെജിറ്റബിള്‍സ്- ചിക്കൻ എന്നിവ പോലുള്ള വിഭവങ്ങള്‍ സൂക്ഷിക്കാൻ അലൂമിനിയം ഫോയില്‍ ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *