Saturday, January 4, 2025
Gulf

ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങിത്തുടങ്ങി; ഇന്ത്യയിലേക്കുള്ള ഹാജിമാരുടെ മടക്കയാത്ര ജൂലൈ മൂന്നിന് തുടങ്ങും

ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് തീര്‍ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങിത്തുടങ്ങി. ഇന്നും നാളെയുമായി എല്ലാ തീര്‍ഥാടകരും കര്‍മങ്ങള്‍ അവസാനിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ജൂലൈ മൂന്നിന് ആരംഭിക്കും.

ഇന്ന് ഉച്ചയ്ക്ക് ശേഷം ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ നിന്നു മടങ്ങിത്തുടങ്ങി. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ണമായും അവസാനിക്കുന്നത് നാളെയാണെങ്കിലും, ആവശ്യമെങ്കില്‍ ഇന്നും അവസാനിപ്പിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്തി ഭൂരിഭാഗം തീര്‍ഥാടകരും ഇന്ന് തന്നെ കര്‍മങ്ങള്‍ അവസാനിപ്പിക്കുകയാണ്. കര്‍മങ്ങള്‍ അവസാനിപ്പിച്ചവര്‍ മിനായില്‍ നിന്നും മക്കയിലെ താമസസ്ഥലങ്ങളിലേക്ക് മടങ്ങി. മക്കയില്‍ നിന്നു വിടപറയുമ്പോഴുള്ള വിടവാങ്ങല്‍ ത്വവാഫ് മാത്രമാണു ഇനി തീര്‍ഥാടകര്‍ക്ക് അവശേഷിക്കുന്ന കര്‍മം. ഇന്ന് കര്‍മങ്ങള്‍ അവസാനിപ്പിക്കാത്തവര്‍ മിനായിലെ തമ്പുകളില്‍ തന്നെയാണ് ഉള്ളത്. ഇവര്‍ നാളെ ഉച്ചയ്ക്ക് ശേഷം നടക്കുന്ന കല്ലേറ് കര്‍മത്തിന് ശേഷം മിനായില്‍ നിന്നു മടങ്ങും.

മക്കയില്‍ നിന്ന് മടങ്ങുന്ന തീര്‍ഥാടകര്‍ ഹറം പള്ളിയില്‍ ത്വവാഫ് നിര്‍വഹിക്കുകയാണ് ഇപ്പോള്‍. ഹറം പള്ളിയില്‍ ശക്തമായ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ജൂലൈ മൂന്നിന് ആരംഭിക്കും. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്തവര്‍ വരുംദിവസങ്ങളില്‍ മദീനയിലേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *