ലയണൽ മെസിയുടെ ഖത്തറിലെ ലോകകപ്പ് മുറി മ്യൂസിയമാക്കും
ഖത്തർ ലോകകപ്പില്‍ വിശ്വകിരീടം ചൂടിയ അര്‍ജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി താമസിച്ചിരുന്ന മുറി മിനി മ്യൂസിയമാക്കി മാറ്റുമെന്ന് ഖത്തര്‍ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. മെസിയെയും സംഘത്തെയും വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഇവര്‍ താമസിച്ച കെട്ടിട സമുച്ഛയങ്ങള്‍ക്ക് ഒരു അര്‍ജന്റീനിയന്‍ ടച്ച് നല്‍കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചിരുന്നു.
ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് മെസിക്കും അര്‍ജന്റീന താരങ്ങള്‍ക്കും താമസം ഒരുക്കിയിരുന്നത്. ലോകകപ്പ് വേളയിൽ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ മെസി താമസിച്ച മുറിയാണ് മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്. മുറിയില്‍ മെസി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.
അര്‍ജന്റീന ടീമിന്റെ താമസത്തിനായി യൂണിവേഴ്‌സിറ്റി ഈ ഹോസ്റ്റലിന് മാറ്റങ്ങള്‍ വരുത്തിയിരുന്നു. അര്‍ജന്റീനയുടെ ദേശീയ ജേഴ്‌സിയിലെ നീലയും വെള്ളയും നിറമായിരുന്നു കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്നത്. ടീമംഗങ്ങള്‍ക്ക് നാട്ടിലാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അതോടൊപ്പം സ്പാനിഷ് ഭാഷയില്‍ താരങ്ങളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും ചുവരെഴുത്തുകളും ഇവിടെ ഒരുക്കിയിരുന്നു.