ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട്
റിയാദ്: സൗദിയിൽ ഇന്ന് പുതിയ 20 റിയാൽ നോട്ട് പുറത്തിറക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പൊതുവേദിയായ ജി-20 കൂട്ടായ്മ ഉച്ചകോടിക്ക് സൗദി അറേബ്യ അധ്യക്ഷത വഹിക്കുന്നതോടനുബന്ധിച്ചാണ് 20 റിയാൽ നോട്ട് പുറത്തിറക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു.
ഏറ്റവും നൂതനമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് 20 റിയാൽ നോട്ട് അച്ചടിച്ചിരിക്കുന്നത്. നിരവധി സാങ്കേതിക സവിശേഷതകളും ഉയർന്ന ഗുണമേന്മയുള്ള സുരക്ഷാ അടയാളങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ജി-20 ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അലങ്കാരങ്ങളുടെ സൗന്ദര്യാത്മകതയെ എടുത്തുകാണിക്കുന്ന സവിശേഷമായ പർപ്പിൾ വർണത്തിലുള്ള ഡിസൈനിലാണ് നോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
നോട്ടിന്റെ മുൻവശത്ത് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഫോട്ടോയും സൗദി അധ്യക്ഷതയിലുള്ള ജി-20 ഉച്ചകോടിയുടെ ത്രീഡി രൂപത്തിലുള്ള ലോഗോയും അടങ്ങിയിരിക്കുന്നു. നോട്ടിന്റെ പിൻവശത്ത് ജി-20 രാജ്യങ്ങളെ വ്യത്യസ്ത വർണങ്ങളിൽ വ്യക്തമാക്കുന്ന ലോക ഭൂപടം അടങ്ങിയിരിക്കുന്നു. സൗദിയിൽ ഉച്ചകോടി നടക്കുന്നതും സാംസ്‌കാരികവും സാമ്പത്തികവുമായ വികിരണത്തിന്റെ ഉറവിടമെന്ന നിലയിൽ രാജ്യത്തിന്റെ പ്രാധാന്യവും സൂചിപ്പിച്ച് ലോക ഭൂപടത്തിലെ സൗദി മാപ്പിൽ പ്രകാശ വികിരണവും പ്രകടമാകുന്നു.