വൈവിധ്യങ്ങളുടെ സൗന്ദര്യ കാഴ്ച; ദുബൈ എക്‌സ്‌പോയിൽ അഭിമാനമാകുന്ന ഇന്ത്യൻ പവലിയൻ
ദുബൈ: എക്സ്പോ 2021ലെ മൂന്ന് തീമാറ്റിക് ജില്ലകളിലൊന്നായ ഓപർച്യൂണിറ്റിയിലാണ് ഇന്ത്യൻ പവലിയൻ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വൈവിധ്യങ്ങളിലേക്ക് ലോകത്തിനായി തുറന്നിട്ട ഒരു വാതിൽ കൂടിയാണിത്. കശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന മഹത്തായ ഈ രാജ്യത്തിന്റെ വിവിധ സംസ്‌കാരങ്ങളും ഭാഷകളും കലകളുംപവലിയൻ ലോകത്തെ പരിചയപ്പെടുത്തുന്നു. ഏകദേശം ഒരു ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ച് കിടക്കുന്നതാണ് പവലിയൻ. അവസരം, വളർച്ച, സുസ്ഥിരത എന്നീ വിശാലമായ പ്രമേയങ്ങളാണ് ഇന്ത്യ ലോകത്തോട് പങ്കുവെക്കുന്നത്.
രണ്ടാം നിലയിൽ സിനിമകളെയും കലകളെയും പരിചയപ്പെടുത്തുന്നു. ദിലീപ് കുമാറിലും അമിതാഭ് ബച്ചനിലും തുടങ്ങി ഷാരൂഖിലും ഹൃഥിക്കിലുമൊക്കെ എത്തിനിൽക്കുന്ന സിനിമാ ദൃശ്യങ്ങളും പഴയകാല സിനിമകളുടെ പോസ്റ്ററുകളും കൂറ്റൻ എൽ സി ഡി സ്‌ക്രീനിൽ മിന്നിമറിയുന്നു. ഒരു ഭാഗത്തായി ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളെയും വാസ്തു ശിൽപ്പകലകളെയും മന്ദിരങ്ങളെയും പരിചയപ്പെടുത്തുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വൈവിധ്യമാർന്ന കാഴ്ചകളും കലകളുമായി സ്‌ക്രീനിൽതെളിയുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ പര്യവേക്ഷണം കൂടിയാണ്.
വെർച്വൽ റിയാലിറ്റി പോഡുകൾ, 3ഡി ഓഗ്മെന്റഡ് റിയാലിറ്റി പ്രൊജക്ട് സിസ്റ്റങ്ങൾ, എൽ ഇ ഡി സറൗണ്ട് പ്രൊജക്ഷൻ, വാക്ക് ഇൻ എക്സ്പീരിയൻ കിയോസ്‌കുകൾ എന്നിവ രാജ്യത്തിന്റെ വളർച്ചയെ കൂടി സൂചിപ്പിക്കുന്നതാണ്. ദിവസേന നിരവധി സംഗീത നൃത്ത പരിപാടികളും പവലിയന്റെ ഭാഗമായി നടക്കാറുണ്ട്.
രാജ്യം 2010ന് മുമ്പും ശേഷവും എങ്ങനെയായിരുന്നുവെന്നും രാജ്യത്തിന്റെ വളർച്ചയെ കുറിച്ചും പവലിയൻ സംസാരിക്കുന്നു. പവലിയന്റെ ഒരു ഭാഗത്തായി സ്റ്റാച്ച് ഓഫ് യൂനിറ്റിയുടെ മാതൃക കാണാം. അയോധ്യയിൽ നിർമാണം പൂർത്തിയാകുന്ന രാം മന്ദിറിന്റെയും അബൂദാബിയിലെ ക്ഷേത്രത്തിന്റെ മിനിയേച്ചറും മറ്റൊരു ഭാഗത്ത് കാഴ്ചക്കാരെ ആകർഷിക്കുന്നു.