അനധികൃത മസാജ് സെൻ്ററുകൾ; 91 ഫ്ലാറ്റുകൾക്ക് പൂട്ടിട്ട് ദുബായ് പൊലീസ്
അനധികൃത മസാജ് സെൻ്ററുകൾ നടത്തിവന്നിരുന്ന 91 ഫ്ലാറ്റുകൾക്ക് പൂട്ടിട്ട് ദുബായ് പൊലീസ്. അനധികൃത മസാജ് സെൻ്ററുകളിൽ സേവനം തേടരുതെന്നും ഇത് കൊലപാതകത്തിലേക്കും കൊള്ളയിലേക്കും നയിക്കാൻ സാധ്യതയുണ്ടെന്നും ദുബായ് പൊലീസ് നേരത്തെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം മസാജ് സെൻ്ററുകൾ അടച്ചുപൂട്ടാനുള്ള നീക്കവുമായി പൊലീസ് രംഗത്തിറങ്ങിയത്.
അനധികൃത മസാജ് സെൻ്ററുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കിയതായി ദുബായ് ക്രിമിനൽ അന്വേഷണ വിഭാഗം ഡയറക്ടർ മേജർ ജനറൽ ജമാൽ സലീം അൽ ജല്ലാ പറഞ്ഞു. മസാജ് സെൻ്ററുകളിലെ ജീവനക്കാരെയും മസാജ് കാർഡുകൾ വിതരണം ചെയ്തവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുബായ് പൊലീസ് സ്‌മാർട്ട് ആപ്പിലെ ‘പൊലീസ് ഐ’ സേവനം വഴിയോ 901ലേക്ക് വിളിച്ചോ പൊതുജനങ്ങൾക്ക് അനധികൃത പ്രവർത്തനങ്ങളെപ്പറ്റി പൊലീസിനെ അറിയിക്കാം.