സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം; പ്രഖ്യാപനവുമായി സൗദി
സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യയില്‍ ഓട്ടോമേറ്റഡ് സംവിധാനം നിലവില്‍ വരുന്നു. സൗദിയിലെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടേതാണ് (ടിജിഎ) തീരുമാനം. ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കാനാണ് ആലോചന. ലൈസന്‍സുകളുടെ കാലാവധി, ബസുകളുടെ കാലാവധി മുതലായവ കൃത്യമായി നിരീക്ഷിക്കും. സ്‌കൂള്‍ ബസുകള്‍ക്ക് പുറമേ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക സര്‍വീസുകളും ഈ സംവിധാനം വഴി നിരീക്ഷിക്കാനാണ് ആലോചന.
ടിജിഎ നിശ്ചയിച്ച നിയമങ്ങളും ചട്ടങ്ങളും വാഹനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, പൊതുഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കുക വഴി ലക്ഷ്യം വയ്ക്കുന്നത്. ബസ് ഓപ്പറേഷന്‍ അനുമതി, ബസിന്റെ കാലാവധി, ബസ് ഓപ്പറേഷന്‍ അനുമതിയുടെ കാലാവധി എന്നിവയാണ് പ്രധാനമായും ഓട്ടോമേറ്റഡായി പരിശോധിക്കുക.
അതിനൂതന സാങ്കേതികവിദ്യയാണ് വിദ്യാഭ്യാസ മേഖലയിലെ ഗതാഗത സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുകയെന്ന് ടിജിഎ അറിയിച്ചു. പൊതുഗതാഗതസംവിധാനങ്ങളും നഗരപ്രദേശങ്ങളിലെ ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായുള്ള സൗദി ഭരണകൂടത്തിന്റെ വിഷന്‍ 2030ന്റെ ഭാഗമായി കൂടിയാണ് നടപടി.