മൂന്നാം ഘട്ടത്തിൽ വിദേശങ്ങളിൽനിന്ന് രണ്ടര ലക്ഷം ഉംറ തീർഥാടകർ എത്തും
മക്ക: പടിപടിയായി ഉംറ തീർഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് രണ്ടര ലക്ഷം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്, ഉംറ ദേശീയ കമ്മിറ്റി അംഗവും മക്ക ചേംബർ ഓഫ് കൊമേഴ്‌സിനു കീഴിലെ ഹോട്ടൽ കമ്മിറ്റി അംഗവുമായ ഹാനി അലി അൽഉമൈരി പറഞ്ഞു. വിദേശ ഉംറ തീർഥാടകരെ സ്വീകരിച്ച് സേവനങ്ങൾ നൽകാൻ 531 ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും സുസജ്ജമാണ്. വിദേശ ഉംറ തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന പ്രോട്ടോകോളുകളും മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് തീർഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.
മക്കയിൽ ഹോട്ടൽ, ഗതാഗത, വ്യാപാര മേഖലകളിൽ ബിസിനസ് 25 ശതമാനം തോതിൽ വർധിക്കാൻ വിദേശ തീർഥാടകർക്കുള്ള അനുമതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ടത്തിൽ വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തുന്നതിലൂടെ ബന്ധപ്പെട്ട മേഖലകളിലെ സ്ഥാപനങ്ങൾക്ക് 25 കോടി റിയാലിന്റെ വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിദേശ ഉംറ തീർഥാടകരുടെ ബുക്കിംഗ് ആരംഭിക്കുന്നത് 6,500 ഓളം വിദേശ ഉംറ ഏജൻസികളും 32 സൈറ്റുകളും പോർട്ടലുകളും കാത്തിരിക്കുകയാണ്.
പ്രതിസന്ധികൾ കൈകാര്യം ചെയ്യൽ, ആൾക്കൂട്ട നിയന്ത്രണം, എയർപോർട്ടുകളിലും ഹോട്ടലുകളിലും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകൽ, തീർഥാടകരുടെ വിശുദ്ധ ഹറമിലേക്കുള്ള പ്രവേശനത്തിന് മേൽനോട്ടം വഹിക്കൽ, ‘ഇഅ്തമർനാ’ ആപ്പ് വഴി ഉംറക്കുള്ള പെർമിറ്റ് നേടൽ എന്നീ കാര്യങ്ങളിൽ ഉംറ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്.
വിദേശ, ആഭ്യന്തര തീർഥാടകരെ സ്വീകരിക്കാൻ മക്കയിൽ ശക്തമായ പശ്ചാത്തല സൗകര്യങ്ങളുണ്ട്.
-
മക്കയിൽ 1,200 ലേറെ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ഉയർന്ന ഗുണമേന്മക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായ 2,70,000 ലേറെ മുറികളുണ്ട്. ഉംറ തീർഥാടനവും സിയാറത്തും പുനരാരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമായിട്ടുണ്ട്. രണ്ടാം ഘട്ടത്തിലും സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമാണ് ഉംറ അനുമതിയുള്ളത്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലെ റൗദ ശരീഫിലും നമസ്‌കാരങ്ങൾ നിർവഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്താനും ഈ ഘട്ടത്തിൽ പെർമിറ്റുകൾ അനുവദിക്കുന്നുണ്ടെന്നും ഹാനി അലി അൽഉമൈരി പറഞ്ഞു.