നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു; യമനിൽ ഗോത്രനേതാക്കളുമായി ചർച്ച നടത്തും
യമനിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷപ്രിയയെ രക്ഷിക്കാനുള്ള മധ്യസ്ഥ ചർച്ചകൾ തുടരുന്നു. യമൻ ഗോത്രനേതാക്കളുമായാണ് ചർച്ച നടക്കുന്നത്. നിമിഷയുടെ ജയിൽമോചന ശ്രമങ്ങൾക്കായി രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങൾ തുടരുന്നത്
മലയാളികളായ ബാബു ജോൺ, സജീവ്, തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം എന്നിവരാണ് മധ്യസ്ഥ ചർച്ചക്കായി ശ്രമം നടത്തുന്നത്. തലാൽ അബ്ദു മഹ്ദിയെന്ന യെമനി പൗരൻ കൊല്ലപ്പെട്ട കേസിലാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്. തലാലിന്റെ ഗോത്രമായ അൽ സുവൈദിയുടെ നേതാക്കളുമായാണ് ചർച്ച നടക്കുന്നത്.
കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ നിമിഷയുടെ മോചനം സാധ്യമാകു. യമനിലെ ഗോത്രനിയമപ്രകാരം മരിച്ചയാളുടെ കുടുംബം മാത്രമല്ല, അയാളുടെ ഗോത്ര നേതൃത്വം കൂടി മോചനത്തിനായി മാപ്പ് നൽകേണ്ടതുണ്ട്.
70 ലക്ഷം രൂപയോളം മോചനദ്രവ്യം നൽകേണ്ടി വരുമെന്നാണ് കരുതുന്നത്. ഗോത്രനേതാക്കളുമായുള്ള ചർച്ചക്ക് ശേഷം തലാലിന്റെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തും. യെമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതാണ് മധ്യസ്ഥ ചർച്ചകൾക്ക് തടസ്സമാകുന്നത്.