Thursday, January 23, 2025
Gulf

പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാകുന്നതിന് നാട്ടിലെത്തേണ്ട; അതിവേഗ നിയമസഹായം നല്‍കാന്‍ ധാരണ

പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാകുന്നതിന് ഇന്ത്യയിലേക്ക് നേരിട്ടെത്തുന്നതിനുളള ബുദ്ധിമുട്ട് പരിഹരിക്കാനുളള സംവിധാനത്തിന് തുടക്കം. എല്ലാ തരം നിയമസഹായങ്ങളും പ്രവാസികള്‍ക്ക് ലഭ്യമാക്കാന്‍ ശൈഖ് സുല്‍ത്താന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി. ഉണ്ണികൃഷ്ണനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഇന്ത്യയില്‍ നേരിട്ടെത്താതെ ഇന്ത്യയിലെ കോടതികളില്‍ കേസുകള്‍ നടത്തുന്നതിനും നിയമസഹായം ലഭ്യമാക്കുന്നതിനുമുളള സംവിധാനമാണ് യുഎഇയില്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ കോടതികളില്‍ അതിവേഗ നിയമസഹായം നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ ലീഗല്‍ കണ്‍സല്‍ട്ടന്‍സിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി. ഉണ്ണികൃഷ്ണനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യു.എ.ഇ.യിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ കോടതികളില്‍ അതിവേഗ നിയമസഹായം നല്‍കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കും.

ആവശ്യമായ രേഖകള്‍സഹിതം ശൈഖ് സുല്‍ത്താന്‍ ലീഗല്‍ കണ്‍സല്‍ട്ടന്‍സിയിലെ അഭിഭാഷകനെ സമീപിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കാണ് സഹായം ലഭിക്കുക. ധാരണാപത്രം അനുസരിച്ച്, യുഎഇയിലും ഇന്ത്യയിലും സമഗ്രമായ നിയമ സേവനങ്ങള്‍ നല്‍കുന്നതിന് രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. യു.എ.ഇ. യിലെ ഇന്ത്യക്കാര്‍ക്ക് മാതൃരാജ്യത്തെത്തി നേടുന്നതിനെക്കാള്‍ കോടതികാര്യങ്ങളില്‍ അതിവേഗ നീതി നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ. സി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ വിശിഷ്ടാതിഥിയായി. അജ്മാനില്‍ നടന്ന ചടങ്ങില്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ നാസര്‍ ബിന്‍ ഹുമൈദ് റാഷിദ് അല്‍ നുഐമി, ശൈഖ് സുല്‍ത്താന്‍ ലീഗല്‍ കണ്‍സല്‍ട്ടന്‍സി സി.ഇ.ഒ ഫാത്തിമ സുഹറ, മാനേജിങ് ഡയറക്ടര്‍ അഷ്‌റഫ് കാസിം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *