കടലാസ് രഹിതമായി ജിഡിആർഎഫ്എ- ദുബൈ
ദുബായ്: ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പൂർണമായും കടലാസ് രഹിതമെന്ന ലക്ഷ്യം പൂർത്തീകരിച്ചു. ദുബായ് ഡിജിറ്റല്‍ അതോറിറ്റിയുടെ 100 ശതമാനം കടലാസ് രഹിതമെന്ന സ്റ്റാമ്പ് ജിഡിആർഎഫ്എ സ്വന്തമാക്കി. പൂർണമായും കടലാസ് രഹിതമായതോടെ 358 ദശലക്ഷം ദിർഹത്തിന്‍റെ സാമ്പത്തിക ലാഭത്തിനൊപ്പം 3,865,469 ജോലി മണിക്കൂറുകള്‍ കുറയ്ക്കാനുമായെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ 10,391 മരങ്ങളുടെ സംരക്ഷണവും ഇതിലൂടെ സാധ്യമായി.
ജൈറ്റക്സില്‍ നടന്ന ചടങ്ങില്‍ ജിഡിആർഎഫ്എ ജീവനക്കാരെ ദുബായ് ഡിജിറ്റല്‍ അതോറിറ്റി ആദരിച്ചു. ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി, ഡിഡിഎ യുടെ ഡയറക്ടർ ജനറല്‍ ഹമദ് ഉബൈദ് അൽ മൻസൂരി, എന്നിവർ പങ്കെടുത്തു. 2019 ല്‍ കടലാസ് രഹിതമാകണമെന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശം ഏറ്റെടുക്കുകയും നടപ്പിലാക്കാന്‍ പ്രയത്നം ആരംഭിക്കുകയും ചെയ്തു. ആദ്യവർഷത്തില്‍ തന്നെ കടലാസിന്‍റെ ഉപയോഗം പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞു, കോവിഡ് കാലത്തും പൂർണമായും 2021 ഒക്ടോബറോടെ കടലാസ് രഹിതമെന്ന നേട്ടം കൈവരിക്കാനും ജിഡിആർഎഫ്എയ്ക്ക് സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021 അവസാനത്തോടെ ദുബായ് കടലാസ് രഹിതമാകുകയെന്നുളളതാണ് ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. പൂർണമായും ഡിജിറ്റലാവുകയെന്നുളള ലക്ഷ്യത്തിലേക്കാണ് ഇനി ജിഡിആർഎഫ്എയുടെ പ്രയത്നമെന്നും അദ്ദേഹം അറിയിച്ചു